
ആലുവ: ശ്രീമൻ നാരായണന്റെ എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വൃക്ഷയജ്ഞത്തിന് ഏഴാം വർഷത്തിലും മുടക്കമില്ല. മുപ്പത്തടം ദ്വാരക ഹോട്ടൽ അങ്കണത്തിൽ മന്ത്രി പി. രാജീവ് വൃക്ഷത്തൈകൾ വിതരണം ചെയ്ത് ഏഴാം വാർഷികം ഉദ്ഘാടനം ചെയ്തു.
വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ച് അസാധ്യമെന്നു തോന്നുന്ന നൂതന മാർഗ്ഗങ്ങളിലൂടെ പ്രകൃതിയെ സ്‌നേഹിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ശ്രീമൻ നാരായണൻ സമൂഹത്തിന് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയനിലെ അംഗങ്ങളായ അദ്ധ്യാപകരുടെ വീടുകളിൽ വച്ചുപിടിപ്പിക്കുന്നതിനുള്ള 501 വൃക്ഷത്തൈകളിലെ ആദ്യത്തേത് എ.കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ശശിധരൻ കല്ലേരി മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. ശ്രീമൻ നാരായണനെ മന്ത്രി ആദരിച്ചു. ജീവജലത്തിന് ഒരു മൺപാത്രം പദ്ധതിയിലെ 100011ാമത് മൺപാത്രം ശ്രീമൻ നാരായണൻ മന്ത്രിക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടൽ, വി.എം. ശശി, ബാബുരാജ് ഹരിശ്രീ തുടങ്ങിയവർ സംസാരിച്ചു. നീലകണ്ഠൻ നമ്പൂതിരി, എച്ച്.സി. രവീന്ദ്രൻ, കെ.പി. ശിവൻ, സുധീർ പണിക്കർ തുടങ്ങിയവർക്കും മന്ത്രി തൈകൾ വിതരണം ചെയ്തു.