accident
അശോകപുരം കോളനിപ്പടിയിൽ ഉണ്ടായ അപകടത്തിൽ അരിയുമായി പോയ മിനി ലോറി മറിഞ്ഞ നിലയിൽ

ആലുവ: റേഷൻഅരിയുമായി പോയ മിനിലോറി നിയന്ത്രണം വിട്ട കാറിടിച്ച് റോഡിന് കുറുകെ മറിഞ്ഞു. കാറിന് പിന്നിൽ ബൈക്കും ഇടിച്ചു. ബൈക്ക് യാത്രക്കാരന് മാത്രമാണ് പരിക്ക്. ആലുവ - മൂന്നാർ സ്വകാര്യ ബസ് റൂട്ടിൽ അശോകപുരം കോളനിപ്പടിക്ക് സമീപം ഇന്നലെ രാവിലെ പതിനൊന്നോടെയാണ് അപകടം.

ചൂണ്ടി വെയർഹൗസിൽനിന്ന് പറവൂർ ഭാഗത്തേക്കുപോയ മിനിലോറിയിൽ എതിർദിശയിൽ നിന്നുവന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. അപകടം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ലോറി മറിഞ്ഞത്. ലോറിയിൽ ഡ്രൈവർ കുന്നുകര സ്വദേശി സോജൻ മാത്രമാണുണ്ടായിരുന്നത്. ഏലൂർ ഫാക്ടിൽ ജീവനക്കാരനായ ചുണങ്ങംവേലി സ്വദേശി ജൂഡാണ് കാർ ഓടിച്ചിരുന്നത്.

റോഡിൽ ചിതറിയ അരിച്ചാക്കുകൾ മറ്റൊരു ലോറിയെത്തിച്ച് ചുമട്ടുതൊഴിലാളികളെ ഉപയോഗിച്ച് മാറ്റിക്കയറ്റി. ചാക്കുകൾപൊട്ടി കുറെ അരിയും നഷ്ടമായി. എടത്തല സി.ഐ പി.ജെ. നോബിളിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി. ഒന്നരമണിക്കൂറിന് ശേഷം ഗതാഗതം സാധാരണ നിലയിലായത്.