ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്തിലെ വിവാദ കാന വീണ്ടും ഇടിഞ്ഞുവീണു. നിർമ്മാണം കഴിഞ്ഞ കാനയുടെ കോൺക്രീറ്റ് ഭിത്തിയും അടി മണ്ണും തൊട്ടടുത്ത വീടിന്റെ മതിലും ഗേറ്റും അടക്കമാണ് ഇടിഞ്ഞത്.

തെക്കേത്താഴം ആറ് കണ്ടം റോഡിലെ കാനയാണ് തുടർച്ചയായി ഇടിയുന്നത്. കഴിഞ്ഞ 22 ന് നിർമ്മാണത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കിയ തൊട്ടടുത്ത ദിവസം തന്നെ കാനയുടെ കോൺക്രീറ്റ് ഭിത്തി തകർന്നിരുന്നു. നിർമ്മാണത്തിൽ അപാകതയുണ്ടെന്നും പദ്ധതി നിർത്തിവയ്ക്കണമെന്നും പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. കരാറുകാരനെ നിലനിർത്തി പണി പുനരാരംഭിക്കുകയായിരുന്നു. ഇതിന്റെ തുടർച്ചയായി കഴിഞ്ഞ ദിവസം കാന നിർമ്മിച്ചിടത്താണ് അപകടമുണ്ടായത്. രാത്രിയായതിനാൽ ആളപായമുണ്ടായില്ല. വെള്ളക്കെട്ടില്ലാത്ത സ്ഥലത്താണ് കാന നിർമ്മിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. മൂന്നു മീറ്റർ മാത്രം വീതിയുള്ള റോഡിന്റെ പകുതിയോളം ഇതിനായി കുഴിച്ചു. നിലവിൽ റോഡും സമീപത്തെ വീടുകളും അപകടഭീഷണിയിലാണ്. കാന നിർമ്മാണം നിർത്തിവച്ച് അപാകത സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.