കോതമംഗലം: കോതമംഗലത്തിന് സമീപം വേട്ടാമ്പാറയിൽ കാട്ടാനയുടെ മുന്നിൽപ്പെടാതെ ഗൃഹനാഥന് ജീവൻ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്. ഇന്നലെ പുലർച്ചെ വീടിനുപുറത്ത് ശബ്ദംകേട്ട് വാതിൽ തുറക്കാൻ തുടങ്ങിയ പാറശേരിൽ ബേസിൽ തോമസാണ് അയൽവാസിയുടെയും മകളുടെയും അവസരോചിതമായ ഇടപെടലിൽ രക്ഷപ്പെട്ടത്.

അയൽവാസിയായ ജോൺസന്റെ മകളാണ് ബേസിലിന്റെ വീട്ടുമുറ്റത്ത് ആന നിൽക്കുന്നത് ആദ്യം കണ്ടത്. ഉടനെ പിതാവിനോട് വിവരം പറഞ്ഞു. ജോൺസൺ ബേസിലിനെ മൊബൈലിൽ വിവരം അറിയിക്കാൻ വിളിക്കുമ്പോൾ ബേസിൽ വാതിൽ തുറക്കാനുള്ള ശ്രമത്തിലായിരുന്നു. ഫോൺബെൽഫോൺ റിംഗ്ചെയ്യുന്നതുകേട്ട് ഫോണെടുക്കാൻ പോയില്ലായിരുന്നെങ്കിൽ സിറ്റൗട്ടിൽ നിൽക്കുന്ന ആനയുടെ മുന്നിൽ വാതിൽ തുറന്നെത്തി ജോൺസൺ പെടുമായിരുന്നു. കൃത്യസമയത്ത് ഫോണിലൂടെ വിവരം അറിയിക്കാൻ ശ്രമിച്ച ജോൺസൺ ഈശ്വരന്റെ രൂപത്തിൽ എത്തിയതാണെന്ന് ബേസിൽ പറയുന്നു.

പുരയിടത്തിൽ എത്തിയ ആന കാർഷിക വിളകൾ നശിപ്പിക്കുന്ന ശബ്ദംകേട്ടാണ് ജോൺസന്റെ കുടുംബം ഉണർന്നതും ആനയുടെ നീക്കം പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടതും. പ്രദേശത്ത് ഇറങ്ങുന്ന കാട്ടാനക്കൂട്ടം കാർഷികവിളകൾ നശിപ്പിക്കുന്നതും വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും നിത്യസംഭവമായി മാറുകയാണ്. കൃഷിയിടത്തിൽ മാത്രം ഇറങ്ങിയിരുന്ന ആനക്കൂട്ടം പോർച്ചിലേക്കും സിറ്റൗട്ടിലേക്കും കയറിയ സംഭവം പ്രദേശവാസികളെ ഭയാശങ്കയിലാക്കി. അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.