കൊച്ചി: വഴിയെച്ചൊല്ലി പഞ്ചായത്തുമായുള്ള തർക്കത്തിൽ മനംനൊന്ത് എറണാകുളം മുളവുകാട്ട് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റിന്റെയും മറ്റ് ഭാരവാഹികളുടെയും മൊഴിയെടുക്കും. ശനിയാഴ്ച വൈകിട്ടാണ് പൊന്നാരിമംഗലം തൈപ്പാടത്തുവീട്ടിൽ തോമസിന്റെ ഭാര്യ ലില്ലി (65) ദേഹത്ത് ഡീസൽ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്.
ഹൈക്കോടതി ഉത്തരവുവന്ന് ആറുമാസം കഴിഞ്ഞിട്ടും സ്ഥലം അളന്നില്ലെന്നും തർക്കഭൂമിയിൽ റോഡ് വീതികൂട്ടാനായി പഞ്ചായത്ത് പണിനടത്തിയതിൽ മനംനൊന്താണ് ലില്ലി ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കൾ മൊഴിനൽകിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വാർഡ് മെമ്പർ, പഞ്ചായത്ത് അധികൃതർ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുക. സമീപവാസികളുടെ മൊഴിയുമെടുക്കും.
ഹൈക്കോടതി ഉത്തരവ് മറികടന്ന് പഞ്ചായത്ത് അധികൃതർ ഭൂമി കൈയേറുന്നതായി കുറിപ്പ് എഴുതി വച്ചായിരുന്നു ആത്മഹത്യ. ലില്ലിയുടെ പുരയിടത്തിനോടുചേർന്ന ഇടവഴിയിൽ മഴയിൽ ചെളി രൂപപ്പെട്ടിരുന്നു. തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി ഒരുമീറ്ററോളം മണ്ണിട്ട് നികത്തി. ഈ വഴിയെച്ചൊല്ലി ലില്ലിയുടെ കുടുംബവും പഞ്ചായത്തുമായി വർഷങ്ങളായി തർക്കമുണ്ടായിരുന്നു. റീസർവേയിൽ 30 സെന്റുണ്ടായിരുന്ന ഭൂമി 20 സെന്റായി ചുരുങ്ങിയെന്നാണ് വീട്ടുകാരുടെ പരാതി. കുടുംബം ഹൈക്കോടതിയെ സമീപിച്ച് കഴിഞ്ഞവർഷം അവസാനം അനുകൂലവിധി സമ്പാദിച്ചിരുന്നു. ലില്ലിയുടെ സംസ്‌കാരം നടത്തി.