കാലടി: കാലടി പട്ടണത്തിലെ നടപ്പാതയുടെ വശങ്ങളിൽ സ്ഥാപിച്ചിരുന്ന സ്റ്റീൽകൈവരി മുറിച്ച് മാറ്റിയ നിലയിൽ. കഴിഞ്ഞ രാത്രിയിലാണ് സംഭവം. 15 മീറ്റർ നീളത്തിൽ കൈവരി മുറിച്ച് മാറ്റിയിട്ടുണ്ട്. മുറിച്ച് മാറ്റിയ കമ്പി തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ ഭിത്തിയിൽ ചാരിവച്ചിട്ടുണ്ട്.ആരെയും പിടികൂടിയിട്ടില്ല. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് എട്ടുകോടിരൂപ മുടക്കി പട്ടണം സൗന്ദര്യവത്കരണം നടത്തിയതിന്റെ ഭാഗമായാണ് ഫുട്പാത്തിൽ സ്റ്റീൽ കൈവരികൾ പിടിപ്പിച്ചത്. കാലടി സ്തൂപത്തിന് മുന്നിൽ സ്ഥാപിച്ചിരിന്ന സ്റ്റീൽകമ്പി ജനുവരിയിൽ അറുത്ത് മാറ്റിയിരുന്നു.
മുറിച്ച് മാറ്റിയ കൈവരിയുടെ അടിവശം നടപ്പാതയിൽ അരഅടിയോളം ഉയരത്തിൽ പൊങ്ങിനിൽക്കുന്നത് കാൽനട യാത്രക്കാർക്ക് ഭീഷണിയാണ്. പൊലീസിൽ പരാതി നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി പറഞ്ഞു.