തൃപ്പൂണിത്തുറ: നിരവധി വാഹനമോഷണക്കേസുകളിലെ പ്രതിയെ മോഷ്ടിച്ച ഓട്ടോറിക്ഷയുമായി പൊലീസ് അറസ്റ്റുചെയ്തു. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി കളപ്പുരക്കൽ കുഞ്ഞുമുഹമ്മദിന്റെ മകൻ അണ്ടൻ എന്ന് വിളിപ്പേരുള്ള ഷാജിയാണ് (42) അറസ്റ്റിലായത്. പുത്തൻകാവ് ജംഗ്ഷനിൽ കഴിഞ്ഞദിവസം അർദ്ധരാത്രി വാഹനപരിശോധയ്ക്കിടയിൽ പൊലീസ് ഓട്ടോയ്ക്ക് കൈകാണിച്ചിട്ടും നിർത്താതെപോകുകയായിരുന്നു. തുടർന്നാണ് ഇയാളെ പിടികൂടി ചോദ്യംചെയ്തത്. അന്വേഷണത്തിൽ പ്രതി പുത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് മോഷ്ടിച്ച ഓട്ടോയിലാണ് സഞ്ചരിച്ചതെന്ന് കണ്ടെത്തി. ഇയാൾക്കെതിരെ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി നിരവധി വാഹനമോഷണക്കേസുകളും മോഷണക്കേസുകളുമുണ്ട്.
കോട്ടയം മെഡിക്കൽ കോളേജ് കാൻസർ വാർഡിന്റെ മുന്നിൽനിന്ന് ഓട്ടോറിക്ഷകൾ മോഷ്ടിച്ചതിന് രണ്ട് കേസ് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അസി. സബ് ഇൻസ്പെക്ടർ ശ്യാംലാൽ, സി.പി.ഒ റെജി, സി.പി. ഇന്ദുനാഥ്, അജിത്, ബിനിൽ എന്നിവർ ചേർന്നാണ് പിടികൂടിയത്.