
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവർ ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകൾക്കായി കേസിൽ തുടരന്വേഷണം നടത്തുന്ന സംഘത്തിന്റെ അന്വേഷണം. പ്രതികളിൽ നിന്ന് അന്വേഷണ സംഘം എട്ടിലധികം ഫോണുകൾ പിടിച്ചെടുത്തിരുന്നു. ഇവയ്ക്കു പുറമെ രണ്ട് ഫോണുകൾ ഇരുവരും മുക്കിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഇവ കണ്ടെത്താൻ വീടുകളിൽ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് അന്വേഷണ സംഘം. ഫോണുകൾ ഹാജരാക്കാൻ നോട്ടീസ് നൽകിയതായും അറിയുന്നു. സുരാജ് ഒളിപ്പിച്ച ഫോൺ ദിലീപ് ജയിലിൽ കഴിയുന്ന സമയം ഉപയോഗിച്ചതാണ്. ഈ ഫോൺ ഉപയോഗിച്ചാണ് സാക്ഷികളെയടക്കം സ്വാധീനിച്ചതെന്നാണ് കണ്ടെത്തൽ. 2021 ആഗസ്റ്റ് അവസാനം വരെ അനൂപ് ഉപയോഗിച്ച ഫോണാണ് രണ്ടാമത്തേത്. സംവിധായകൻ ബാലചന്ദ്രകുമാറും ദിലീപും തമ്മിലുള്ള സംഭാഷണങ്ങളും ചാറ്റുകളും ഈ ഫോണിലാണ് ഉള്ളതെന്ന് കരുതുന്നു. ബാലചന്ദ്രകുമാർ വെളിപ്പെടുത്തലുകൾ നടത്തിയതിന് പിന്നാലെയാണ് ദിലീപ് ഈ ഫോൺ ഒളിപ്പിച്ചതെന്നാണ് അന്വേഷണ സംഘം പറയുന്നത്.
കാവ്യയെ വീണ്ടും ചോദ്യം ചെയ്യും
തുടരന്വേഷണ സംഘം കാവ്യാ മാധവനെ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചന. ബാലചന്ദ്രകുമാറിനെ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. തുടർന്ന് അനൂപിനെയും ചോദ്യം ചെയ്യും. ദിലീപിന് പൾസർ സുനി ജയിലിൽനിന്നയച്ച കത്തിന്റെ ഫോറൻസിക് പരിശോധനാ റിപ്പോർട്ട് അടുത്തയാഴ്ചയും ആറുപേരുടെ ശബ്ദസാമ്പിളുകളുടെ ഫോറൻസിക് പരിശോധനാഫലം ഈ മാസം അവസാനത്തോടെയും ലഭിക്കും.
ഹർജികൾ ഇന്ന് പരിഗണിക്കും
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നതടക്കമുള്ള ഹർജികൾ വിചാരണക്കോടതി ഇന്ന് പരിഗണിക്കും.