ആലുവ: നഗരത്തിലും പരിസര പ്രദേശങ്ങളിലും കുടിവെള്ള പൈപ്പ് പൊട്ടുന്നത് തുടർക്കഥയായിട്ടും നടപടിയെടുക്കാതെ അധികാരികൾ. നഗരപ്രദേങ്ങളിലെ തകരാറുകൾ ജനകീയ പ്രതിഷേധം ഭയന്ന് യഥാസമയം അറ്റകുറ്റപ്പണി നടത്തുമെങ്കിലും ഗ്രാമീണ മേഖലയിൽ അറ്റകുറ്റപ്പണിക്ക് മാസങ്ങൾ വരെ എടുക്കുന്നതായാണ് ആക്ഷേപം.

ആലുവ നഗരത്തിൽ റബറൈസ്ഡ് ടEറിംഗ് പൂർത്തിയായ ഭാഗത്ത് വരെ നിത്യേന ഭൂഗർഭ പൈപ്പുകൾ പൊട്ടുകയാണ്. പമ്പ് കവല മുതൽ ബാങ്ക് കവല വരെ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം രണ്ട് മാസം മുമ്പ് പുതിയ പൈപ്പുകൾ സ്ഥാപിച്ചിരുന്നു. ഇതോടെ പതിവ് സ്ഥലത്ത് നിന്നും പെെപ്പ് പൊട്ടൽ മറ്റൊരു ഭാഗത്തേക്ക് മാറിയെന്ന വ്യത്യാസം മാത്രമേയുള്ളു. സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നിൽ ഇതിനിടെ പലവട്ടം പൈപ്പ് തകർന്നു, ഒപ്പം റോഡും. കഴിഞ്ഞ ദിവസം ആദ്യമായി ജില്ലാ ആശുപത്രിക്ക് മുമ്പിലും പൈപ്പ് പൊട്ടി. രണ്ട് ദിവസത്തിന് ശേഷം 12 അടിയോളം ആഴത്തിൽ കുഴിയെടുത്താണ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്. കുറച്ച് ദിവസം മുമ്പാണ് വെള്ളം റോഡിനടിയിൽ നിന്ന് പുറത്തേക്ക് ഒഴുകി തുടങ്ങിയത്. കുഴിച്ച് നോക്കിയെങ്കിലും പൈപ്പ് കണ്ടെത്താനായില്ല.

ഗതാഗത തിരക്കുള്ള ഭാഗത്ത് റോഡിന് നടുവിലായതിനാൽ കൂടുതൽ തിരയാൻ കഴിഞ്ഞില്ല. തുടർന്ന് തിരക്ക് കുറഞ്ഞ ഞായറാഴ്ച്ച പൈപ്പ് തിരയാൻ തീരുമാനിച്ചത്. കിണറിനോളം വട്ടത്തിലാണ് കുഴിയെടുത്തത്. രാത്രിയാണ് പൊട്ടിയ ഭാഗം കണ്ടെത്തിയത്. ഇതേതുടർന്ന് നഗരത്തിൽ ഭാഗികമായി കുടിവെള്ള വിതരണം തടസപ്പെടുകയും ചെയ്തു.

പൊയ്ക്കാട്ടുശേരിയിൽ മാസങ്ങളായിട്ടും അറ്റകുറ്റപ്പണിയില്ല!

പൊയ്ക്കാട്ടുശ്ശേരി എൽ.പി സ്‌കൂൾ- കുണ്ടോന്തറ റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങളായി. നടപടി ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധവും രംഗത്തെത്തിയിരുന്നു. ഇന്നലെ കോൺഗ്രസ് പ്രവർത്തകർ വാട്ടർ അതോറിറ്റിയുടെ അസിസ്റ്റന്റ് എൻജിനിയറെ ഉപരോധിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് പാഴായത്. വാർഡ് അംഗം ബീന ഷിബു പലവട്ടം പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് ഉപരോധം. ഉടൻ തകരാർ പരിഹരിക്കാമെന് ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം എം.ജെ. ജോമി, പി.വി. കുഞ്ഞ്, ടി.ഏ. ചന്ദ്രൻ, സന്ധ്യ നാരായണപിള്ള, ബിജി സുരേഷ് എന്നിവർ നേതൃത്വം നൽകി.