sp
ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് കവർച്ച നടന്ന വീട് സന്ദർശിക്കുന്നു

ആലുവ: ജുവലറികൾക്ക് ആഭരണങ്ങൾ നിർമ്മിച്ചുനൽകുന്ന മഹാരാഷ്ട്ര സ്വദേശിയുടെ വീട്ടിൽ ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരായി ചമഞ്ഞെത്തിയ നാൽവർസംഘം 44 പവൻ സ്വർണവും 1.80 ലക്ഷം രൂപയും കവർന്ന കേസിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ മേൽനോട്ടത്തിൽ ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, സി.ഐ എൽ. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ 23 അംഗ ടീമിനെയാണ് നിയോഗിച്ചിട്ടുള്ളത്.
ആലുവ ബാങ്ക് ജംഗ്ഷനിൽ കൗസ്തുഭം വീട്ടിൽ സഞ്ജയെയും കുടുംബത്തെയും കബളിപ്പിച്ചാണ് സ്വർണവും പണവും കവർന്നത്.

പരിസരത്തെ സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. 40നും 60നും ഇടയിൽ പ്രായമുള്ളവരാണ് തട്ടിപ്പിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. സഞ്ജയുടെ ബിസിനസിന് സമാനമായ ബിസിനസ് ഇടപാടുകൾ നടത്തുന്നവർക്ക് മോഷണത്തിൽ പങ്കുണ്ടോയെന്നറിയാൻ പൊലീസ് ചിലരെ ഇന്നലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. പരാതിക്കാരന്റെ ഉൾപ്പെടെയുള്ള ചിലരുടെ ഫോൺവിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഇടറോഡിലുള്ള വീട്ടിലേക്ക് കാൽനടയായി പ്രതികൾവരുന്ന ചിത്രമാണ് പൊലീസിന് ലഭിച്ചത്. പ്രധാന റോഡിലൂടെ പ്രതികൾ കാൽനടയായി വരുന്നതും പോകുന്നതുമായ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.

പിടിക്കപ്പെടാതിരിക്കാൻ ബാങ്ക് കവലയിൽനിന്ന് പൊതുഗതാഗതമാർഗം ഉപയോഗിച്ചാണ് പ്രതികൾ സ്ഥലംവിട്ടുപോയതെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സഞ്ജയുടെ ഭാര്യ ധരിച്ചിരുന്ന ആഭരണങ്ങളും വീട്ടിൽ സൂക്ഷിച്ച കുട്ടിവളകളുമടക്കം 354 ഗ്രാം സ്വർണമാണ് സംഘം തട്ടിയെടുത്തത്. കവർച്ച നടന്ന വീട്ടിൽ ഇന്നലെ എസ്.പി കെ. കാർത്തിക് പരിശോധന നടത്തി. സമാന കേസുകൾ ഉള്ളതിനാൽ തമിഴ്‌നാട് പൊലീസ് സംഘവും കവർച്ച നടന്ന വീട് സന്ദർശിച്ചു. എന്നാൽ തമിഴ്നാട് പൊലീസ് എത്തിയ വിവരം അറിയില്ലെന്ന് ആലുവ പൊലീസ് പറയുന്നു. പ്രതികൾ സംസ്ഥാനം വിട്ടുപോയിരിക്കാം എന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.