1

തോപ്പുംപ്പടി: പരിപ്പ് ജംഗ്ഷൻ മുതൽ കൂവപ്പാടം വരെയുള്ള സാന്റോ ഗോപാലൻ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിൽ അധികൃതർ പുലർത്തുന്ന അനാസ്ഥയിൽ പ്രതിഷേധം ശക്തമാകുന്നു. വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറ് കണക്കിനാളുകൾ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.ജെ. മാക്സി എം.എൽ.എയുടെ ഓഫിസിലേക്ക് മെഴുക് തിരിയുമേന്തി മാർച്ച് നടത്തി.

നാല് വർഷക്കാലമായി ഈ റോഡ് തകർന്ന് സഞ്ചാര യോഗ്യമല്ലാതായി കിടക്കുകയാണ്. ഈ റോഡിലൂടെയുള്ള യാത്ര ദുഷ്ക്കരമാകുകയും അപകടങ്ങൾ പതിവാകുകയും ചെയ്തതോടെയാണ് സമീപവാസികൾ പ്രതിഷേധം കടുപ്പിച്ചത്. നേരത്തേ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നിൽപ് സമരം സംഘടിപ്പിച്ചിരുന്നു. മെഴുക് തിരി സമരം സാന്തോം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് പൊന്നൻ ഉദ്ഘാടനം ചെയ്തു. ചെമ്മീൻസ് ജംഗ്ഷൻ മുതൽ പരിപ്പ് ജംഗ്ഷൻ വരെയുള്ള റോഡ് ഇപ്പോൾ അറ്റകുറ്റ പണി നടത്താമെന്നും ആറ് മാസത്തിനകം ടാറിംഗ് ചെയ്യാമെന്നും എം.എൽ.എ ഉറപ്പ് നൽകിയതായി സമര സമിതി ഭാരവാഹികൾ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് പൊതുപ്രവർത്തകൻ ഷക്കീർ അലി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി.