edwin

ആലുവ: 195 രാജ്യങ്ങളുടെ ദേശീയ പതാക തിരിച്ചറിയുന്ന അപൂർവ്വ കഴിവുമായി ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ്സിൽ കയറിപ്പറ്റി എഴുവയസുകാരൻ. അശോകപുരം മനയ്ക്കപടി കുളഞ്ഞിയിൽ വീട്ടിൽ സുനു എബ്രഹാമിന്റെയും സിമി ടി. മാത്യുവിന്റെയും മകനായ എഡ്വിൻ സുനു എബ്രഹാമാണ് അപൂർവ്വ നേട്ടം സ്വന്തമാക്കിയത്.

റോഡിൽ പോകുന്ന കാറുകളുടെ പേരുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയപ്പോഴാണ് മകൻെറ കഴിവ് മനസ്സിലായതെന്ന് മാതാവ് സിമി പറഞ്ഞു. പിന്നീടാണ് വിവിധ രാജ്യങ്ങളുടെ ദേശീയ പതാകകൾ മനഃപാഠമാക്കിയത്. ദേശീയ ഗാനങ്ങളെ തിരിച്ചറിയുന്ന പഠനത്തിലാണ് എഡ്വിൻ ഇപ്പോൾ.

പത്തനംതിട്ട റാന്നി സ്വദേശികളായ എഡ്വിവിന്റെ കുടുംബം നിർമ്മാണമേഖലയിൽ സൂപ്പർവൈസറായ പിതാവിന്റെ ജോലി സംബന്ധമായാണ് ആലുവയിലെത്തിയത്. അശോകപുരം സെന്റ് ഫ്രാൻസിസ് ഡി. അസ്സിസി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ എഡ്വിനെ അൻവർ സാദത്ത് എം.എൽ.എ ആദരിച്ചു. സർട്ടിഫിക്കറ്റും മെഡലുകളും കൈമാറി. ചൂർണ്ണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, സ്‌കൂൾ മാനേജർ ബ്രദർ വിൽസൺ കല്ലുങ്കൽ, പ്രിൻസിപ്പൽ ഷിബി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.