കളമശേരി: വില്പനയ്ക്ക് കൊണ്ടുവന്ന 5 ലക്ഷം രൂപ വിലവരുന്ന 171.465 കിലോ തൂക്കംവരുന്ന 11 ചാക്ക് ഹാൻസ്, പാൻപരാഗ്, 83.16. കിലോ തൂക്കം വരുന്ന 10 ചാക്ക് കൂൾലിപ് തുടങ്ങിയ നിരോധിത പുകയില ഉത്പന്നങ്ങൾ കളമശേരി പൊലീസ് പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ കളമശേരി ഗവ.വി.എച്ച്.എസ്.ഇ സ്കൂളിന് മുൻവശത്ത് വച്ച് ഓട്ടോയുടെ ഡിക്കിയിലും മുകളിലും ചാക്കിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. പാലക്കാട് പട്ടാമ്പി ഉരതോടിവീട്ടിൽ അബ്ദുൾ നാസറിനെ (39) അറസ്റ്റുചെയ്തു. 13വർഷമായി സിറ്റിയിൽ ഓട്ടോറിക്ഷ ഓടിക്കുകയാണ്. ഇപ്പോൾ ചേരാനല്ലൂരിൽ വാടകവീട്ടിലാണ് താമസം. ബംഗളൂരുവിൽനിന്ന് കൊറിയർമാർഗവും പച്ചക്കറി കൊണ്ടുവരുന്ന വാഹനങ്ങളിലുമായാണ് ലഹരിവസ്തുക്കൾ എത്തിച്ചിരുന്നത്. എസ്.ഐമാരായ സുരേഷ്, സുധീർ, സിവിൽ ഓഫീസർമാരായ ഷിനോ, ഷിജു, ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും.