കൊച്ചി: മരടിലെ അനധികൃത ഫ്ളാറ്റ് നിർമ്മാണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ കമ്മിഷൻ മരട് പഞ്ചായത്തിലെ 1995– 96 കാലഘട്ടത്തിലെ സെക്രട്ടറിയിൽ നിന്നുൾപ്പെടെ വിശദീകരണം തേടും. ഇതിനുപുറമേ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. ജോസ്, സെക്രട്ടറി ഗോപാലകൃഷ്ണ ഭട്ട്, മുൻ ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ള, മുൻ ചീഫ് ടൗൺ പ്ലാനർ കെ.എസ്. ഗിരിജ, തിരുവനന്തപുരം സെസ് അറ്റ്‌മോസ്‌ഫറിക് ആൻഡ് ജിയോ ഇൻഫർമേഷൻ ഡിവിഷൻ ഗ്രൂപ്പ് ഹെഡ് ഡോ. കെ.കെ. രാമചന്ദ്രൻ, കെ.എസ്‌.സി.എസ്.ടി.ഇ ശാസ്ത്രജ്ഞൻ ഡോ. ഹരിനാരായണൻ, നഗരകാര്യ ജോയിന്റ് ഡയറക്ടർ ബൽരാജ്, മരട് നഗരസഭ മുൻ സെക്രട്ടറി പി.കെ. സുഭാഷ് എന്നിവർക്കും വിശദീകരണ പത്രിക നൽകാൻ ആവശ്യപ്പെട്ട് കമ്മിഷൻ നോട്ടീസയച്ചു. നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരായാണ് വിശദീകരണം നൽകേണ്ടത്.
9ന് ഹോളിഫെയ്ത്ത് ബിൽഡേഴ്‌സ്, എച്ച്2ഒ അപ്പാർട്ട്മെന്റ് ഓണേഴ്‌സ് അസോസിയേഷൻ, 10ന് ആൽഫ വെഞ്ച്വേഴ്‌സ് ലിമിറ്റഡ്, ആൽഫ സെറീൻ അപ്പാർട്‌മെന്റ് ഓണേഴ്‌സ് അസോസിയേഷൻ എന്നിവരുടെ വിശദീകരണം കമ്മിഷൻ കേൾക്കും. 14ന് മരട് പഞ്ചായത്ത്, നഗരസഭ, 15ന് കേരള തീരദേശ പരിപാലന അതോറിറ്റി, ജി.സി.ഡി.എ, 16നും 17നും സംസ്ഥാന സർക്കാരിലെ വിവിധ കക്ഷികളുടെയും വിശദീകരണം കമ്മിഷൻ കേൾക്കും. എറണാകുളം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിലാണു കമ്മിഷൻ സിറ്റിംഗ് നടത്തുന്നത്‌