shawarma

കൊച്ചി: കാസർകോട് ചെറുവത്തൂരിൽ ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ദേവനന്ദയെന്ന പെൺകുട്ടി മരിച്ച പശ്ചാത്തലത്തിൽ ഇത്തരം കടകളിൽ നിരന്തരം പരിശോധനകൾ നടത്തണമെന്നും ഇതിനു കൃത്യമായ മേൽനോട്ടമുണ്ടാകണമെന്നും ഹൈക്കോടതി. ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ വിലയിരുത്തിയ ഡിവിഷൻ ബെഞ്ച് പുതിയ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പത്തു ദിവസത്തിനകം സത്യവാങ്മൂലം നൽകാനും നിർദ്ദേശിച്ചു. ഹർജി അടുത്തയാഴ്‌ച വീണ്ടും പരിഗണിക്കും.