കൊച്ചി: ഫോർട്ടുകൊച്ചി തുരുത്തി കോളനിക്കാർക്ക് വേണ്ടിയുള്ള റേ ഭവനപദ്ധതിയുടെ നിർമ്മാണം പുരോഗമിക്കുന്നു. 33 കോടി ചെലവഴിച്ച് നിർമ്മിക്കുന്ന ഒന്നാംടവറിന്റെ സ്ട്രക്ചറും എട്ടുനിലകളുടെ നിർമ്മാണവും പൂർത്തിയായി. അവശേഷിക്കുന്ന മൂന്ന് നിലകളുടെ നിർമ്മാണം ഏറ്റെടുക്കുന്നതിനായി ക്ഷണിച്ച കരാറിൽ സിറ്റ്‌കോ അസോസിയേറ്റ്സ് യോഗ്യത നേടി. വ്യാഴാഴ്ച നടക്കുന്ന കൗൺസിൽ യോഗം ഈ അജണ്ട പരിഗണിക്കും. 44 കോടി രൂപ ചെലവാക്കി നിർമിക്കുന്ന രണ്ടാംടവറിന്റെ പൈലിംഗ് വർക്കുകൾ പുരോഗമിക്കുകയാണ്. അടുത്തവർഷം ഡിസംബറോടെ രണ്ട് ഫ്ളാറ്റുകളുടെയും നിർമ്മാണം പൂർത്തിയാകുമെന്ന് കരുതുന്നു. മേയർ എം. അനിൽകുമാറിന്റെ നേതൃത്വത്തിൽ എല്ലാ മാസവും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നിർമ്മാണപ്രദേശത്ത് നേരിട്ടെത്തി പ്രവർത്തനപുരോഗതി വിലയിരുത്തുന്നുണ്ട്.
2013 ഡിസംബറിൽ കേന്ദ്ര സർക്കാർ അംഗീകാരം നൽകിയ രാജീവ് ഗാന്ധി ആവാസ് യോജനയുടെ (റേ ) ഭാഗമായാണ് തുരുത്തി കോളനിയിലെ ഭവനപദ്ധതിക്ക് അംഗീകാരം ലഭിച്ചത്.
രണ്ട് ടവറിലുകളിലായി 12 നില ഫ്ളാറ്റ് നിർമ്മിക്കുകയായിരുന്നു ഉദ്ദേശം
2017 ഫെബ്രുവരിയിൽ ആദ്യ ടവറിന്റെ നിർമ്മാണം ആരംഭിച്ചു
18 കോടി രൂപയ്ക്ക് സിറ്റ്‌കോ അസോസിയേറ്റ് ആണ് കരാർ ഏറ്റെടുത്തത്
2019 ഫെബ്രുവരിയിൽ പണി പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം.
എന്നാൽ ഒന്നാം ടവറിൽ വച്ച് നിർമ്മാണം നിലച്ചു.
എം. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി വന്നതോടെ പദ്ധതി പുനരാരംഭിച്ചു
398 കുടുംബങ്ങളാണ് റേ പദ്ധതിയുടെ ഗുണഭോക്താക്കൾ
ലൈഫ് പുരോഗമിക്കുന്നു
ജനകീയാസൂത്രണം, പി.എം.എ.വൈ ലൈഫ്, റേ തുടങ്ങിയ പദ്ധതികൾ സമന്വയിപ്പിച്ചാണ് കോർപ്പറേഷനിലെ ഭവനപദ്ധതികൾ നടപ്പാക്കുന്നത്. ഭൂമിയുള്ള എല്ലാ ഭവനരഹിതർക്കും വീട് എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പി.എം.എ.വൈ. ലൈഫ് മിഷൻ പദ്ധതിയിൽ നിലവിൽ 9059 ഗുണഭോക്താക്കളുണ്ട്. 5000 പേർ വീടുനിർമ്മാണം ആരംഭിച്ചു. ഇതിൽ 4070 പേരുടെ വീടുകൾ പൂർത്തിയായി. പദ്ധതിക്കായി ഇതുവരെ 184 കോടി രൂപ ചെലവഴിച്ചു.
ലൈഫ് മൂന്നാംഘട്ടത്തിൽ കോർപ്പറേഷനിലെ 140 ഭൂ–ഭവന രഹിതരാണ് ഗുണഭോക്താക്കൾ. ഇതിൽ 20 പേരുടെ വീടുനിർമ്മാണം ഉടൻ പൂർത്തിയാകും. ഈ സാമ്പത്തികവർഷം ഭൂമിയുള്ള ഭവനരഹിതരായ 1200 പേർക്ക് ധനസഹായം നൽകും. കേന്ദ്ര–സംസ്ഥാന, കോർപ്പറേഷൻ വിഹിതമായി 80 കോടി രൂപ പദ്ധതിക്കായി ലഭ്യമാക്കും.