തൃപ്പൂണിത്തുറ: പൂത്തോട്ട പാലത്തിന് പടിഞ്ഞാറ് 700 മീറ്റർ ഉള്ളിലേക്ക് കയറി ജങ്കാർ ജെട്ടിയിലേക്ക് നീളുന്ന റോഡിന്റെ വടക്കു വശത്താണ് ബസ് സ്റ്റാൻഡ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരേക്കർ സ്ഥലമുള്ളത്. എന്നാൽ, ഇവിടേക്ക് കയറാൻ ബസുകളൊന്നും തയാറേയല്ല. ഒരു ബസിനുപോലും കടന്നുപോകാനുള്ള വഴി ഇവിടേക്കില്ല എന്നതാണ് കാരണം. ആർക്കും വേണ്ടാതെ കാടുപിടിച്ചു കിടന്ന സ്വകാര്യവ്യക്തിയുടെ സ്ഥലം പഞചായത്തിന്റെ തലയിൽ കെട്ടിവയ്ക്കുകയായിരുന്നെന്നും റോഡ് വീതി കൂട്ടാനായി അന്ന് നാട്ടുകാർ കൊടുത്ത സമ്മതം അധികൃതർ ഗൗനിച്ചതേയില്ല എന്നും ആക്ഷേപമുണ്ട്.

1985 മുതൽ കഴിഞ്ഞ 37 വർഷക്കാലമായി ഘട്ടം ഘട്ടമായി കോടികൾ മുടക്കിയ ബസ് സ്റ്റാൻഡിന്റെ പണി ഇതുവരെ പൂർത്തിയായിട്ടില്ല. പബ്ലിക് ടോയ്ലറ്റ്, കുളിമുറി, വെയിറ്റിംഗ് ഷെഡ്, ചുറ്റുമതിൽ എല്ലാം റെഡിയാണ്. എട്ടു വർഷം മുൻപ് അകത്തെ ടാറിംഗും കഴിഞ്ഞു. കൂടാതെ അധികമാരും ഉപയോഗിക്കാത്ത കമ്മ്യൂണിറ്റി ഹാളും എട്ടു കുട്ടികൾ നിലവിൽ പഠിക്കുന്ന അങ്കണവാടിയും ഇതിനോടനുബന്ധമായി പണിതിട്ടുണ്ട്. 8000 രൂപ വാടക നിശ്ചയിച്ച കമ്മ്യൂണിറ്റി ഹാൾ അടിസ്ഥാനസൗകര്യങ്ങളുടെ കുറവുകൊണ്ട് അധികമാരും ഉപയോഗിക്കാറില്ല എന്നതാണ് വാസ്തവം.

ജില്ലയുടെ അതിരായ പൂത്തോട്ട പാലത്തിന് സമീപത്ത് സ്വകാര്യബസുകളുടെ തിരക്ക് കുറയ്ക്കാനാണ് പഞ്ചായത്ത് ഈ ബസ്‌സ്റ്റാൻഡ് നിർമ്മിച്ചത്. ബസ് സ്റ്റാൻഡിനുവേണ്ടി വേറെ സ്ഥലം കണ്ടെത്തി, ഇവിടം വളർന്നുവരുന്ന കായികതാരങ്ങൾക്ക് വേണ്ടിയുള്ള പൊതു കളിസ്ഥലമോ ജനോപകാരപ്രദമായ മറ്റെന്തെങ്കിലും നിർമ്മിതിയോ ആക്കി മാറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.