
ആലുവ: ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മുതൽ പ്യൂൺ വരെയുള്ളവർ ഒരേ മനസോടെ കൈകോർത്തപ്പോൾ സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥി നവീന് കിടപ്പാടമായി. എടയപ്പുറം നേച്ചർ കവലയ്ക്ക് സമീപം നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശന ചടങ്ങും സ്നേഹവിരുന്നും ഇന്ന് വൈകിട്ട് മൂന്നിന് നടക്കും.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ യോഗ സാരഥ്യവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതലയും ഏറ്റെടുത്തതിന്റെ രജത ജൂബിലിയുടെ ഭാഗമായിട്ടാണ് ആലുവ എസ്.എൻ.ഡി.പി സ്കൂൾ ജീവനക്കാർ സ്കൂളിൽ പത്താം ക്ളാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന എടയപ്പുറം തൈക്കാട്ടിൽ പരേതനായ രജീബിന്റെ മകൻ നവീന് വീട് നിർമ്മിച്ച് നൽകിയത്. വർഷങ്ങൾക്ക് മുമ്പ് പിതാവ് മരണപ്പെട്ടതിനെ തുടർന്ന് മാതാവ് സോണിയാണ് നവീനും സഹോദരി നയനയെയും സംരക്ഷിച്ചിരുന്നത്. ആലുവയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ് സോണി. സ്വന്തമായി അഞ്ച് സെന്റ് ഭൂമിയുണ്ടായിരുന്നെങ്കിലും വീടില്ലാത്തതിനാൽ സഹോദരൻ സജീവന്റെ വസതിയിലായിരുന്നു താമസം.
പഠനത്തിൽ മിടുക്കിയായിരുന്ന നയന കഴിഞ്ഞ വർഷം എസ്.എൻ.ഡി.പി സ്‌കൂളിൽ നിന്നാണ് പ്ലസ് ടു വിജയിച്ചത്. അതിനാൽ നയനയുടെയും നവീന്റെയും വീട്ടിലെ സാഹചര്യം അദ്ധ്യാപകർക്കറിയാമായിരുന്നു. പ്രിൻസിപ്പൽ സീമ കനകാംബരൻ, ഹെഡ്മാസ്റ്റർ സന്തോഷ് കുട്ടപ്പൻ എന്നിവരുടെ മേൽനോട്ടത്തിൽ സ്റ്റാഫ് സെക്രട്ടറി പി.ജെ. ഹേമ കൺവീനറായി കമ്മിറ്റിയും രൂപീകരിച്ചു. കഴിഞ്ഞ ഡിസംബറിൽ നിർമ്മാണമാരംഭിച്ചു. നവീൻ തന്നെയാണ് കല്ലിടൽ നിർവഹിച്ചത്. ഏഴ് ലക്ഷം രൂപ ചെലവഴിച്ച് 500 ചതുരശ്ര അടി വിസ്തീർണമുള്ള വീടിന്റെ താക്കോൽ ദാനം കഴിഞ്ഞ 29ന് കൊല്ലത്ത് വച്ച് യോഗം ജനറൽ സെക്രട്ടറി നിർവഹിച്ചിരുന്നു.
ഗൃഹപ്രവേശനവും വിരുന്നുസത്കാരവുമാണ് ഇന്ന് നടക്കുന്നത്. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, പി.ആർ. നിർമ്മൽകുമാർ, വി.ഡി. രാജൻ, ടി.എസ്. അരുൺ, പി.പി. സനകൻ, സി.ഡി. സലിലൻ എന്നിവർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.