വൈപ്പിൻ: തദ്ദേശ സ്ഥാപനങ്ങൾ സാമൂഹ്യക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ സമഗ്രമായ ചർച്ചകളിലൂടെ ജനപങ്കാളിത്തം പ്രയോജനപ്പെടുത്തണമെന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അഭിപ്രായപ്പെട്ടു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഒന്നാം വാർഷിക പദ്ധതി രൂപീകരണത്തിന് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. എ. സാജിത്ത് പദ്ധതി വിശദീകരിച്ച് ആമുഖ പ്രഭാഷണം നടത്തി. ആസൂത്രണ സമിതി വൈസ് ചെയർമാൻ ഡോ. കെ. കെ. ജോഷി വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു. വികസന സ്ഥിരം സമിതി അദ്ധ്യക്ഷ സുബോധ ഷാജി കരട് പദ്ധതി രേഖ അവതരിപ്പിച്ചു. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. നിബിൻ, ബ്ലോക്ക് അംഗങ്ങളായ ജിജി വിൻസെന്റ്, ഇ. കെ. ജയൻ, ഇ. പി. ഷിബു, ഷെന്നി ഫ്രാൻസിസ്, അഡ്വ. പി. എൻ. തങ്കരാജ്, അഗസ്റ്റിൻ മണ്ടോത്ത്, ഷിൽഡ റിബേരോ, സുജ വിനോദ്, ട്രീസ ക്‌ളീറ്റസ്, ശാന്തിനി പ്രസാദ്, സെക്രട്ടറി ശ്രീദേവി കെ. നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.