df

കൊച്ചി: കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും വർദ്ധിക്കാൻ തുടങ്ങിയതോടെ വാക്‌സിനെടുക്കാൻ എത്തുന്നവരുടെ എണ്ണത്തിലും വർദ്ധന. ജില്ലയിലെ വിവിധ വാക്‌സിനേഷൻ സെന്ററുകളിൽ കഴിഞ്ഞയാഴ്ച അവസാനം മുതൽ ഈ വർദ്ധന അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ജില്ലയാണ് മുന്നിലെന്നുള്ളതും എണ്ണം ദിനംപ്രതി വർദ്ധിക്കുന്നുവെന്നതുമാണ് ആളുകളെ വാക്‌സിനെടുക്കാൻ പ്രേരിപ്പിക്കുന്നത്.

 ബൂസ്റ്റർ ഡോസിനും ആളെത്തുന്നു

60 വയസുകഴിഞ്ഞവർക്കുള്ള കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് വെറുതേ നൽകിയിട്ടും സ്വീകരിക്കാൻ ആളെത്തിയിരുന്നില്ല. എന്നാലിപ്പോൾ, ഇതിന്റെ എണ്ണത്തിലും നേരിയ വർദ്ധനയുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം. ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും ബൂസ്റ്റർ വാക്സിൻ സ്റ്റോക്കുണ്ട്. പണം കൊടുത്താൽ സ്വകാര്യ ആശുപത്രികളിലും ലഭിക്കും. 60 വയസിൽ താഴെയുള്ളവർക്ക് സ്വകാര്യ ആശുപത്രിയിൽ മാത്രമാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. ഇതിന് 375 രൂപ മാത്രമാണ് വില.

 സംസ്ഥാനത്തെ വാക്സിനേഷനിൽ ഇപ്പോഴും ഒന്നാം സ്ഥാനത്താണ് എറണാകുളം ജില്ല. ജില്ലയിലെ 19 ഹെൽത്ത് ബ്ലോക്കുകളിലെ സർക്കാർ ആശുപത്രികളിലും വാക്‌സിനേഷൻ ലഭ്യമാണ്.

 രണ്ട് തവണ സ്വീകരിച്ച അതേ വാക്സിൻ തന്നെ ബൂസ്റ്റർ ഡോസായി സ്വീകരിക്കണം. സെക്കൻഡ് ഡോസ് എടുത്ത് ഒൻപത് മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാം.

വാക്സിൻ സ്വീകരിച്ചവർ (ജൂൺ മൂന്നിലെ കണക്ക് പ്രകാരം)

(പ്രായം, ഒന്നാംഡോസ് രണ്ടാം ഡോസ്, ബൂസ്റ്റർ ഡോസ് എന്ന കണക്കിൽ)

60ന് മുകളിൽ- 6,76,240 - 6,20,537 - 1,37,896

45-60 - 7,83,633 - 7,02,602 - 10,343

18-44- 15,10,194 - 12,29,668 - 3,240

15-17- 1,17,140 - 84,364 - 0

12-14- 61,517- 8662 - 0

ആരോഗ്യ-
മുൻഗണനാ
വിഭാഗം- 1,40,500 - 1,26,146 - 49,381

ആകെ എണ്ണം- 32,89,224 - 27,71,979 - 200860

ആകെ ശതമാനം

ഒന്നാം ഡോസ് - 100.61%
രണ്ടാം ഡോസ് - 87.31%
ബൂസ്റ്റർ ഡോസ്- 6.33%

ആകെ 62,62,063 ഡോസ്
(മൂന്ന് വിഭാഗത്തിലുമായി ജില്ലയിൽ ആകെ വിതരണം ചെയ്തത്)

9എ.എം മുതൽ 2പി.എം വരെ
(വാക്സിൻ വിതരണ സമയം)