ആലുവ: ആലുവ നഗരത്തിലെ കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റുന്ന പ്രവർത്തനങ്ങൾ കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ വാട്ടർ അതോറിട്ടിക്ക് നിർദ്ദേശം നൽകി. ആലുവ പി.എച്ച് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർക്കാണ് കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവ് നൽകിയത്.

60 വർഷത്തോളം പഴക്കമുള്ള പൈപ്പുകൾ മാറ്റണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ സാബു പരിയാരത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി. ശുദ്ധജല വിതരണ പദ്ധതിയിൽപ്പെടുത്തി പമ്പ് ഹൗസ് ജംഗ്ഷൻ മുതൽ ബൈപ്പാസ് വരെയുള്ള പൈപ്പുകൾ മാറ്റി സ്ഥാപിച്ചിട്ടുള്ളതായി വാട്ടർ അതോറിട്ടി നൽകിയ റിപ്പോർട്ടിൽ പറയുന്നു. പഴയ 100 എം.എം.പി.വി.സി പൈപ്പുകളും മാറ്റിയിട്ടുണ്ട്. റോഡ് പുനരുദ്ധാരണ തുകയായി പൊതുമരാമത്ത് വകുപ്പിന് 1.7 കോടി രൂപ അടക്കണമെന്നും റിപ്പോർട്ടിൽ വാട്ടർ അതോറിട്ടി കമ്മിഷനെ അറിയിച്ചിരുന്നു.

നഗരത്തിൽ പുതിയ പൈപ്പുകൾ സ്ഥാപിക്കാൻ അനുവദിച്ച 3.32 കോടിയുടെ രൂപയുടെ പ്രവൃത്തി ടെൻഡർ ചെയ്തിട്ടുണ്ട്. ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കും. നഗരസഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തി പഴയ പൈപ്പുകൾ മാറ്റുന്നതിന് 80 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് ആലുവ നഗരസഭയിൽ സമർപ്പിച്ചിട്ടുണ്ട്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റി സ്ഥാപിക്കുമെന്നും വാട്ടർ അതോറിട്ടി കമ്മിഷന് ഉറപ്പ് നൽകിയിട്ടുണ്ട്.