notice


ആലുവ: ഡോക്ടർമാർ ഇല്ലെന്നും ചിലപ്പോൾ നാളെ കണ്ടേക്കാമെന്ന ജില്ലാശുപത്രിയിലെ അറിയിപ്പ് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വൈറലായതോടെ താത്കാലിക ജീവനക്കാരന്റെ പണിപോയി. ആശുപത്രിയിലെ എൻക്വയറി കേന്ദ്രത്തിലാണ് നോട്ടീസ് പതിച്ചിരുന്നത്. ഡമോക്രാറ്റിക് കോൺഗ്രസ് കേരള നിയോജക മണ്ഡലം പ്രസിഡന്റ് രാജീവ് മുതിരക്കാട് ആശുപത്രി അറിയിപ്പ് ചിത്രം സഹിതം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് വിവാദമായത്.

ചീട്ട് തീർന്നെന്ന് എഴുതിയതിനും ഡോക്ടർമാർ നാളെ ഉണ്ടാകാമെന്നും എഴുതിയതിനാണ് മൂന്ന് വർഷമായി ജോലി ചെയ്തിരുന്ന ജീവനക്കാരനെ ഒഴിവാക്കിയതെന്ന് ആശുപത്രിയധികൃതർ അറിയിച്ചു. ഓപ്പറേഷൻ ഉള്ളതിനാൽ ഒ.പി ഇല്ലാത്ത ഡോക്ടർമാരുമുണ്ട്. ഇത് സൂചിപ്പിക്കാതെയാണ് നോട്ടീസ് പതിപ്പിച്ചത്. ഒ.പി ചീട്ടിന് എണ്ണവും നിശ്ചയിച്ചിട്ടില്ല. ഗൈനക്കോളജിസ്റ്റ് ഡോ. വിനയകുമാർ അടക്കം പലരും സ്ഥലം മാറി പോകുകയാണ്. പകരം എത്തുന്ന ഡോക്ടർമാരുടെ സ്ഥലം മാറ്റനടപടികൾ നടന്നുകൊണ്ടിരിക്കുന്നതിനാൽ ഏതാനും പേർ ഒ.പി ആരംഭിച്ചിട്ടില്ല. മാത്രവുമല്ല ഐ.പി അഡ്മിഷനിലും നിയന്ത്രണമുണ്ട്. അതിനാൽ രോഗികൾ മടങ്ങിപോകുന്നുണ്ട്.

ആശുപത്രി ജീവനക്കാരിലെ എണ്ണക്കുറവും പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. രണ്ടാഴ്ചകം നിയമനം നടത്തുമെന്ന് ഒരു മാസം മുമ്പ് ആരോഗ്യ മന്ത്രി ആലുവയിലെത്തി പറഞ്ഞെങ്കിലും നടന്നിട്ടില്ല. നഴ്‌സുമാരുടെയും അസി. നഴ്‌സുമാരുടെയും രണ്ട് വീതം നാല് ഒഴിവുണ്ട്. അറ്റൻഡർമാരുടെ നാല് ഒഴിവുകളുണ്ട്. ഇതു കൂടാതെയാണ് ഡോക്ടർമാരുടെ ഒഴിവുകൾ. സ്ഥലം മാറ്റനടപടികൾ പൂർത്തിയാകുമ്പോഴേ കൂടുതൽ ഒഴിവുകൾ അറിയാനാകൂ.

താത്കാലിക തസ്തികയിലേക്ക്

നാളെ മുഖാമുഖം

ജില്ലാ ആശുപത്രിയിലെ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ താത്കാലിക തസ്തികയിലേക്ക് നാളെ രാവിലെ 11ന് അഭിമുഖവും പ്രഖ്യാപിച്ചു. ഗവ: അംഗീകൃത സ്ഥാപനത്തിൽ നിന്നും പി.ജി.ഡി.സി.എ , സർക്കാർ അംഗീകൃത കമ്പ്യൂട്ടർ ഡിപ്ലോമ കോഴ്‌സ് പൂർത്തീകരിച്ചവർക്ക് പങ്കെടുക്കാമെന്ന് സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി അറിയിച്ചു.