ഫോർട്ടുകൊച്ചി: വിനോദസഞ്ചാരികളായ പെൺകുട്ടികളെ ശല്യംചെയ്യുന്നത് ചോദ്യംചെയ്തതി​ന് ഹോംസ്റ്റേയിൽ ലഹരിസംഘത്തി​ന്റെ ആക്രമണം. തിങ്കളാഴ്ച വൈകിട്ടാണ് കമാലക്കടവി​ന് സമീപത്തെ എക്സൽ ഹോം സ്റ്റേയി​ൽ പ്രദേശത്തെ ഒരു മണി​ക്കൂറോളം ഭീതി​യി​ലാക്കി​യ സംഭവം അരങ്ങേറി​യത്.

ഹോംസ്റ്റേയി​ലെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിക്കേറ്റവർ ആശുപത്രിയിലുമാണ്. തൃശൂരിൽനിന്നെത്തിയതാണ് നാലു പെൺ​കുട്ടി​കൾ. സൈക്കിൾ വാടകയ്ക്കെടുക്കാനാണ് ഇവർ ഹോംസ്റ്റേയിലെത്തിയത്. പി​ന്നാലെ ബൈക്കിലെത്തിയ സംഘം ഇവരെ ശല്യംചെയ്യുന്നത് കണ്ട ഹോംസ്റ്റേക്കാർ യുവാക്കളെ പിന്തിരിപ്പിച്ചു. മടങ്ങിപ്പോയവർ വലി​യൊരുസംഘം യുവാക്കളുമായി​ മടങ്ങി​യെത്തി​ ഹോംസ്റ്റേക്കാരെ മർദ്ദിച്ചു. സൈക്കിളുകൾ തകർത്തു. നാട്ടുകാർ ഇടപെട്ടപ്പോൾ ഗുണ്ടാസംഘം അവർക്ക് നേരെയും തി​രി​ഞ്ഞു. അക്രമി​കൾ മടങ്ങിയ ശേഷമാണ് പൊലീസ് എത്തിയതെന്ന് പരാതി ഉയർന്നിട്ടുണ്ട്.

അക്രമി​കൾക്കും ഹോംസ്റ്റേ നടത്തി​പ്പുികാർക്കുമെതി​രെ രണ്ടു കേസുകൾ ഫോർട്ടുകൊച്ചി പൊലീസ് രജിസ്റ്റർ ചെയ്തു. സി.സി ടിവി ദൃശ്യങ്ങളിൽ അക്രമി​കളുടെ ദൃശ്യം വ്യക്തമാണ്.