നെടുമ്പാശേരി: കാർ ഓടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട യുവാവിന് വാഹന പരിശോധനയ്ക്കിറങ്ങിയ പൊലീസിന്റെ ഇടപെടൽ തുണയായി. പറവൂർ സ്വദേശി വിവേകിനാണ് (40) ചെങ്ങമനാട് പൊലീസിന്റെ സഹായം ലഭിച്ചത്. ഇന്നലെ വൈകിട്ട് 4.30ഓടെ ചെങ്ങമനാട് എസ്.ഐ വി.കെ. പ്രദീപ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.പി. ഹബീബ് എന്നിവർ ജീപ്പിൽ കുറുമശേരിവഴി വരുമ്പോൾ അയിരൂരിൽവച്ച് ലൈറ്റ് പ്രകാശിപ്പിച്ച് മെല്ലെനീങ്ങുന്ന കാർ ശ്രദ്ധയിൽപ്പെട്ടു. അതിനിടെ റോഡിന്റെ മദ്ധ്യഭാഗത്ത് നിർത്തിയ കാറിൽ വിയർത്തുകുളിച്ച് അവശനായ നിലയിലായിരുന്നു വിവേക്. സമാന്തരമായി പൊലീസ് ജീപ്പ് നിർത്തിയതോടെ വിവേക് തന്റെ അവസ്ഥ പറഞ്ഞു. ഉടനെ എസ്.ഐ ജീപ്പിൽ നിന്നിറങ്ങി കാർ റോഡരികിലേക്ക് മാറ്റി നിർത്തി വിവേകിനെ പൊലീസ് ജീപ്പിൽ കയറ്റി വേഗത്തിൽ ചാലാക്കൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. പൊലീസ് അറിയിച്ചതനുസരിച്ച് വിവേകിന്റെ ബന്ധുക്കൾ ആശുപത്രിയിലെത്തിയ ശേഷമാണ് പൊലീസ് മടങ്ങിയത്. വിവേക് സുഖംപ്രാപിച്ചുവരുന്നു.