crime
ജിയോ ജോസ് മാത്യു (36)

മൂവാറ്റുപുഴ: ക്വാറിയിലെ കളക്ഷൻ തുകയുമായിവന്ന വാഹനം തടഞ്ഞുനിർത്തി ആക്രമിച്ച് കവർച്ചചെയ്യാൻ ശ്രമിച്ച സംഘത്തിലെ ഒളിവിലായിരുന്ന ഒരാൾ കൂടി അറസ്റ്റിൽ. ഇടുക്കി അടിമാലി മുനിത്തണ്ട് ഭാഗത്ത് പുളിക്കിയിൽ വീട്ടിൽ ജിയോ ജോസ് മാത്യുവിനെയാണ് (36) മൂവാറ്റുപുഴ പൊലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞമാസം മൂവാറ്റുപുഴ - കൂത്താട്ടുകുളം റോഡിൽ മാറാടി ഭാഗത്തുവച്ചാണ് സംഭവം. കൂത്താട്ടുകുളം ഭാഗത്തുള്ള ക്വാറിയിൽനിന്ന് പണവുമായി സഞ്ചരിച്ച കാറിനെ രജിസ്ട്രേഷൻ നമ്പർ ഭാഗികമായി മറച്ചുവെച്ച മറ്റൊരു വാടകക്കാറിൽ കവർച്ചാസംഘം പിന്തുടർന്ന് എം.സി റോഡിൽ മാറാടിക്കുസമീപം വാഹനം വട്ടംവച്ച്‌ ആക്രമിച്ച് പണംതട്ടാൻ ശ്രമിക്കുകയായിരുന്നു. കേസിലുൾപ്പെട്ട ആറ് പ്രതികൾ അറസ്റ്റിലായി. മറ്റ് രണ്ട് പ്രതികൾക്കായി തെരച്ചിൽ നടത്തിവരികയാണ്.

മല്ലപ്പിള്ളിയിലുള്ള ക്വാറിയിൽ രണ്ടുവർഷമായി ജെ.സി.ബി ഓപ്പറേറ്ററായി ജോലിചെയ്തുവന്നിരുന്നയാളാണ് അറസ്റ്റിലായ ജിയോ ജോസ് മാത്യു. പണം തട്ടിയെടുക്കുന്നതിനുള്ള ഗൂഢാലോചനയ്ക്കുശേഷം സംഭവദിവസം ക്വാറിയിൽനിന്ന് പണവുമായി കാർ പുറപ്പെട്ട വിവരം മറ്റ് പ്രതികളെ യഥാസമയം അറിയിച്ച് കവർച്ചയ്ക്ക് വേണ്ടിയുള്ള സഹായം ചെയ്തുകൊടുക്കുകയായിരുന്നുവെന്ന് പാെലീസ് പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മാറിമാറി താമസിച്ചുവരികയായിരുന്നു ഇയാൾ. ജിയോ ജോസിനെതിരെ ലുക്ക്ഔട്ട് നോട്ടീസും പൊലീസ് പുറപ്പെടുവിച്ചിരുന്നു.

ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ മൂവാറ്റുപുഴ ഡിവൈ.എസ്.പി എസ്.മുഹമ്മദ് റിയാസ്, ഇൻസ്‌പെക്ടർ എം.കെ. സജീവ്, എ.എസ്.ഐ സി.എം. രാജേഷ്, പി.സി. ജയകുമാർ, സി.പി.ഒ ബിബിൽ മോഹൻ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.