radhakrishnan

 രോഗങ്ങളാലും ദാരിദ്രത്താലും വലയുന്ന കുടുംബം പ്രതിസന്ധിയിൽ

 വായ്പാ കുടിശിക 12 ലക്ഷം രൂപ

കളമശേരി: ഉള്ള കിടപ്പാടം ജപ്തിയിലേക്ക് നീങ്ങിയതോടെ ഒരു നിർദ്ധന കുടുംബം കൂടി പെരുവഴിയിലേക്ക്. ഏലൂർ വടക്കുംഭാഗം താണിക്കുന്നിൽ വീട്ടിൽ രാധാകൃഷ്ണൻ (ബാബു), ഭാര്യ ഇന്ദിര, പെങ്ങൾ ശാലിനി, വിവാഹ മോചിതയായ മകൾ എന്നിവരടങ്ങുന്നതാണ് കുടുംബം. പെൺമക്കളുടെ വിവാഹ ആവശ്യത്തിന് സഹകരണ ബാങ്കിൽ നിന്ന് എടുത്ത 7 ലക്ഷം രൂപയാണ് പലിശസഹിതം 12 ലക്ഷമായി ഉയർന്നത്.

68 കാരനായ രാധാകൃഷ്ണൻ കടുത്ത ആസ്തമ രോഗിയും ഹൃദ്രോഗിയുമാണ്. ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള ഭാര്യ വീട്ടുജോലിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ടു പോകുന്നത്. കൂടെയുള്ള പെങ്ങൾ ശാലിനി ആമവാതം പിടിപെട്ട് കിടപ്പിലാണ്. രണ്ടു പെൺമക്കളിൽ മൂത്തയാളും കുടുംബവും വാടകവീട്ടിലാണ് താമസം.

ബാങ്കിൽ നിന്ന് ആദ്യ നോട്ടീസ് കൈപ്പറ്റി കഴിഞ്ഞു. ഇനി ജപ്തി നടപടികളാണ്. നാലേമുക്കാൽ സെന്റിലുള്ള ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട് നഷ്ടമായാൽ പെരുവഴിയിലേക്ക് ഇറങ്ങുക മാത്രമാണ് പോംവഴി. 2018 ലെ പ്രളയ ദുരന്തത്തിൽ വീട് പൂർണ്ണമായും മുങ്ങിയതാണ്. രോഗികളായ മൂന്നു പേർക്കും മരുന്ന് വാങ്ങാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥ. പട്ടിണിയും രോഗങ്ങളുമായി മല്ലിടുമ്പോൾ ബാങ്ക് നോട്ടീസ് കൂടി കിട്ടിയപ്പോൾ പകച്ചു നിൽക്കുകയാണ് കുടുംബം.