കൊച്ചി: മാലിന്യസംസ്‌കരണത്തിന് പ്രതിവർഷം 27 കോടി ചെലവഴിച്ചിട്ടും കൊച്ചിക്ക് കിട്ടിയത് ചീത്തപ്പേരും ദുർഗന്ധവും. നഗരമാലിന്യ സംസ്‌കരണത്തിൽ കോർപ്പറേഷന്റെ ഇടപെടൽ കാര്യക്ഷമമല്ലെന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ വിമർശനവും ശുചിത്വ പാലനത്തിൽ കൊച്ചിയുടെ സ്ഥാനം ദേശിയതലത്തിൽ 324 ആണെന്ന വെളിപ്പെടുത്തലും മെട്രോ നഗരത്തിന് കളങ്കമായി.
കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ കേന്ദ്രമന്ത്രി പ്രഭാത സവാരിക്കിടെ മറൈൻഡ്രൈവിൽ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടശേഷം മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കവേയാണ് മെട്രോ നഗരത്തിന്റെ ഗതികേടിനെ കുറിച്ച് വാചാലനായത്.
കോർപ്പറേഷൻ
ചെലവഴിച്ച തുക
2020 ഏപ്രിൽ 1 മുതൽ 2021 മാർച്ച് 31 വരെ കൊച്ചി കോർപ്പറേഷൻ മാലിന്യ സംസ്കരണത്തിന് മാത്രമായി ചെലവഴിച്ചത് 27,43,96,771 രൂപയാണെന്ന് നിയമസഭ പരിസ്ഥിതി സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. ദിവസം 7,51,772 രൂപ, മാസം 2,28,66,398 രൂപ എന്ന ക്രമത്തിലാണ് ഇത്രയും തുക വിനിയോഗിച്ചത്. കൊവിഡ് ലോക്ക് ഡൗൺ കാലത്ത് നഗരമാലിന്യം പൊതുവെ കുറവുള്ള സമയത്തെ കണക്കാണ് ഇത്.
ശുചീകരണം
കാര്യക്ഷമമല്ല
വിനോദസഞ്ചാരികൾ ഉൾപ്പെടെ ദിവസവും ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ എത്തുന്ന മറൈൻ ഡ്രൈവിൽ പോലും കൃത്യമായ ശുചീകരണം നടക്കുന്നില്ലെന്നാണ് ആക്ഷേപം. കോർപ്പറേഷൻ പരിധിയിൽ ചെറുതും വലുതുമായ നൂറുകണക്കിന് മാലിന്യകൂമ്പാരങ്ങളുണ്ട്. പ്രധാന നിരത്തുകളിലും തോട്ടിലും പൊതുസ്ഥലങ്ങളിലും ചിന്നിച്ചിതറിക്കിടുക്കുന്ന പ്ലാസ്റ്റിക്, ജൈവ മാലിന്യങ്ങൾ വേറെയും. മാലിന്യക്കൂമ്പാരങ്ങളുടെ കാവലാളുകളായി അലഞ്ഞുതിരിയുന്ന തെരുവനായ്ക്കളും അവയുണ്ടാക്കുന്ന പൊല്ലാപ്പും ചില്ലറയല്ല. നഗര പരിധിയിലെ വീടുകളിൽ നിന്ന് യൂസേഴ്സ് ഫീസ് ഈടാക്കി മാലിന്യം ശേഖരിക്കാൻ നിയോഗിച്ചിരിക്കുന്ന തൊഴിലാളികളുടെ സേവനവും കാര്യക്ഷമമല്ല. ഇവർ പതിവായി എത്തുന്നില്ലെന്ന പരാതി വ്യാപകമാണ്.
വലിച്ചെറിയുന്നത് പൊതുസ്ഥലത്ത്
പരിമിത സൗകര്യങ്ങൾ മാത്രമുള്ള ചെറിയ വീടുകളിൽ അടുക്കള- ഭക്ഷ്യ മാലിന്യങ്ങൾ നീക്കം ചെയ്യാനാവാതെ രണ്ടും മൂന്നും ദിവസം തൊഴിലാളികളെ കാത്തുവച്ചിരിക്കേണ്ട ഗതികേടിലാണ് പലരും. ഇതൊഴിവാക്കാൻ വീട്ടിലെ മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി ഏതെങ്കിലും പൊതുസ്ഥലത്തോ ജലസ്രോതസുകളിലൊ വലിച്ചെറിയാനും നിർബന്ധിതരാകുന്നുണ്ട്.