കോലഞ്ചേരി: വടവുകോട് ബ്ളോക്ക് പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് 17ന് നടക്കും. വി.ആർ. അശോകന്റെ നിര്യാണത്തെ തുടർന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആകെ 13 അംഗങ്ങളുള്ള ബ്ളോക്ക് പഞ്ചായത്തിൽ ട്വന്റി20-5, യു.ഡി.എഫ്-4, എൽ.ഡി.എഫ് -3 എന്നിങ്ങനെയാണ് കക്ഷിനില. യു.ഡി.എഫിന്റെ പ്രതിനിധിയായാണ് അശോകൻ പ്രസിഡന്റ് പദം വഹിച്ചിരുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനവും ഒരു സ്റ്റാൻഡിംഗ് കമ്മിറ്റിയും യു.ഡി.എഫിനും രണ്ട് സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനം എൽ.ഡി.എഫിനും ലഭിച്ചു. നേരത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും ട്വന്റി20 വിട്ടു നിന്നിരുന്നു. ഇതേ തുടർന്നാണ് അഞ്ച് അംഗങ്ങളുണ്ടായിരുന്ന യു.ഡി.എഫിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. അന്ന് എൽ.ഡി.എഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജൂബിൾ ജോർജിനെ മത്സരിപ്പിച്ചിരുന്നു. വീണ്ടുമൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ ഏറ്റവും വലിയ കക്ഷി ട്വന്റി20 മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. യു.ഡി.എഫ് മത്സരിച്ചാൽ പോലും നാല് അംഗങ്ങളാണ് ഉള്ളത്. എൽ.ഡി.എഫിലെ രണ്ടുപേർ കൂടി പിന്തുണച്ചാൽ മാത്രമേ യു.ഡി.എഫിന് പ്രസിഡന്റ് സ്ഥാനം നിലനിർത്താൻ കഴിയൂ. നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിൽ യു.ഡി.എഫിനെ എൽ.ഡി.എഫ് പിന്തുണക്കാൻ ഇടയില്ല. അങ്ങനെ വരുമ്പോൾ കുന്നത്തുനാട്ടിലെ ഒരു ബ്ളോക്ക് പഞ്ചായത്ത് കൂടി ട്വന്റി20 ഭരണത്തിലാവും. അശോകന്റെ നിര്യാണത്തെ തുടർന്നുള്ള തിരഞ്ഞെടുപ്പ് നടക്കാൻ ആറു മാസത്തെ കാലാവധിയുണ്ട്. വരാനിരിക്കുന്നു തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വീണ്ടും വിജയിച്ചാൽ മുമ്പുണ്ടായിരുന്ന സാഹചര്യം വീണ്ടും ഉടലെടുക്കും. ട്വന്റി20 ക്കാണ് വിജയമെങ്കിൽ ഏറ്റവും വലിയ ഒറ്റ കക്ഷി അവരാകും. എൽ.ഡി.എഫിനാണ് വിജയമെങ്കിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് അവർ ആവശ്യമുന്നയിക്കും. ഇത്തരത്തിൽ പ്രവചനാതീതമായ അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഭരണം കൈവിടാതിരിക്കാൻ എന്തൊക്കെ തന്ത്രങ്ങളാണ് യു.ഡി.എഫ് മെനയുന്നതെന്ന് കാത്തിരുന്ന് തന്നെ കാണണം.