underpass

മരട്: നഗരസഭയിലെ ഒട്ടുമിക്ക വളവുകളും മൂലകളുമെല്ലാം മാലിന്യ കൂമ്പാരമായിട്ടും ഭരണാധികാരികൾ നടപടി സ്വീകരിക്കില്ല. നഗരസഭയിലെ എല്ലാ ഡിവിഷനുകളും മാലിന്യങ്ങളുടെ ദുർഗന്ധത്താൽ നാറുകയാണ്. ഹരിത കർമ്മ സേനാ അംഗങ്ങൾ വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലാണ് ചാക്കുകളിലായി വെക്കുന്നത്. പരിസരവാസികളുടെ എതിർപ്പിനെ തുടർന്ന് ശേഖരിച്ച പ്ലാസ്റ്റിക്കുകൾ എന്തു ചെയ്യണമെന്നറിയാതെ കുഴയുകയാണ് ഹരിത കർമ്മ സേന.

നാഷണൽ ഹൈവേയ്ക്ക് താഴെ നെട്ടൂർ അണ്ടർപാസ്, പൊളിച്ച എച്ച്.ടു.ഒ ഫ്ലാറ്റ് പരിസരം തുടങ്ങിയ ഇടങ്ങളിൽ സ്ഥിരമായി ആളുകൾ മാലിന്യം തള്ളിയിട്ടും അത് തടയുന്നതിന് ഒരു ജാഗ്രതയും അധികൃതർ കാട്ടുന്നില്ല. ആഴ്ച്ചകൾക്കു മുമ്പ് പ്രതിഷേധത്തെത്തുടർന്ന് അണ്ടർപാസിലെ മാലിന്യം നഗരസഭ ഒരുതവണ നീക്കിയെങ്കിലും അന്നു രാത്രി മുതൽ തന്നെ വീണ്ടും മാലിന്യം തള്ളി തുടങ്ങി. മാലിന്യം തള്ളുന്നവരെ കൗൺസിലർമാർ രാത്രികാലങ്ങളിൽ കയ്യോടെ പിടികൂടി ഏൽപ്പിച്ചാൽ പോലും പലവിധ സ്വാധീനങ്ങൾക്കു വഴങ്ങി നാമമാത്രമായ പിഴ മാത്രം ഈടാക്കി വിടുകയാണ്. ഇത് ജനങ്ങളിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

നഗരസഭ നിഷ്ക്രിയത്വം അവസാനിപ്പിച്ച് മാലിന്യ സംസ്കരണത്തിന് ബൃഹത്തായ പദ്ധതിക്ക് രൂപം നൽകി മാലിന്യത്താൽ വീർപ്പുമുട്ടുന്ന നഗരവാസികളെ രക്ഷിക്കണമെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സി.ആർ. ഷാനവാസ് ആവശ്യപ്പെട്ടു.