
ആലുവ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ യോഗ സാരഥ്യവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതലയും ഏറ്റെടുത്തതിന്റെ രജത ജൂബിലിയുടെ ഭാഗമായി ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ ജീവനക്കാർ സ്കൂളിലെ വിദ്യാർത്ഥിക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് നടന്നു.
പത്താം ക്ലാസ് വിദ്യാർത്ഥി എടയപ്പുറം തൈക്കാട്ടിൽ പരേതനായ രജീബിന്റെ മകനുമായ നവീനിനാണ് വീട് നിർമ്മിച്ച് നൽകിയത്. ഗൃഹപ്രവേശനത്തോട് അനുബന്ധിച്ച നടന്ന ചടങ്ങ് എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷിമി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, പ്രിൻസിപ്പൽ സീമ കനകാംബരൻ, ഹെഡ്മാസ്റ്റർ സന്തോഷ് കുട്ടപ്പൻ, സ്റ്റാഫ് സെക്രട്ടറി പി.ജെ. ഹേമ, സി.എസ്. ദിലീപ് മാസ്റ്റർ, സി.ഡി. സലിലൻ, എം.കെ. രാജീവ്, ടി.കെ. ശാന്തകുമാർ എന്നിവർ സംസാരിച്ചു. സമയബന്ധിതമായി വീടിന്റെ നിർമ്മാണം പൂർത്തീകരിച്ച കരാറുകാരൻ അപ്പു ചൊവ്വരയെ ആദരിച്ചു.
നവീൻ, സഹോദരി നയന, മാതാവ് സോണി എന്നിവർ അതിഥികളായെത്തിയവരെ സ്വീകരിച്ചു. ഏഴ് ലക്ഷം രൂപ ചെലവിൽ 500 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം കഴിഞ്ഞ 29ന് കൊല്ലത്ത് വച്ച് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചിരുന്നു.