പെരുമ്പാവൂർ: അപകടഭീഷണി ഉയർത്തുന്ന കേബിൾലൈനുകൾ പെരുമ്പാവൂരിനെ വലയ്ക്കുന്നു. കേബിളുകൾ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
പെരുമ്പാവൂർ കെ.എസ്.ഇ.ബി. സബ് ഡിവിഷണൽ ഓഫീസിന് കീഴിലെ നഗരസഭ 26, 27 വാർഡുകളിൽ വരുന്ന സൗത്ത് വല്ലം മുസ്ലീംപള്ളി റോഡ്, കുത്ത്കല്ല് കവല, റയോൺപുരം-പെരുമ്പാവൂർ റോഡുകൾ എന്നിവിടങ്ങളിലാണ് കേബിൾ ലൈനുകൾ അപകടഭീഷണി ഉയർത്തുന്നത്.
27-ാം വാർഡിലെ റയോൺപുരം 110 കെ.വി. സബ്സ്റ്റേഷൻ 21 വർഷമായി പൂട്ടികിടക്കുന്ന റയോൺസ് കമ്പനി കോമ്പൗണ്ടിൽ സ്ഥാപിതമായതാണ്. രണ്ട് ഭൂഗർഭ കേബിൾ ലൈനുകൾക്ക് പുറമെ വീതികുറഞ്ഞ റോഡുകൾ വഴി 11 കെ.വിയുടെ മൂന്ന് സെറ്റ് കേബിൾ, ഒരു അലുമിനിയം കമ്പി ലൈൻ, ഒരു എൽ.ടി. കേബിൾ ലൈൻ ഉൾപ്പെടെ അഞ്ച് ലൈനുകളാണ് കൂറ്റൻ പോസ്റ്റുകൾ വഴി വലിച്ചിട്ടുള്ളത്. പല പ്രാവശ്യം പോസ്റ്റുകളിൽ നിന്നും ബന്ധം വേർപെട്ട് ലൈനുകൾ റോഡിലേക്കും വീടുകൾക്കും സ്ഥാപനങ്ങളുടെ മുകളിലേക്കും പതിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ മാസം മുസ്ലീം പള്ളി റോഡിൽ രണ്ടിടത്തും റയോൺപുരം റോഡിൽ ഒരിടത്തും ഒരേ സമയം കേബിളുകൾക്ക് തീ പിടിക്കുകയും ചെയ്തു. ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. കൂറ്റൻ പോസ്റ്റുകൾക്ക് താങ്ങാൻ പറ്റാത്ത വിധമാണ് കേബിളുകൾ നിലകൊള്ളുന്നത്. ഏതെങ്കിലും ഒരു പോസ്റ്റിന് അപകടം സംഭവിച്ചാൽ ലൈനുകളെല്ലാം നിലംപൊത്തി വൻ ദുരന്തത്തിന് തന്നെ ഇടയായേക്കും .
സർക്കാർ ഉടമസ്ഥതയിലെ 77 ഏക്കറോളം വരുന്ന ഭൂമിയിലാണ് നിലവിൽ യാതൊരു പ്രവർത്തനങ്ങളും നടക്കാത്ത റയോൺസ് കമ്പനി കോമ്പൗണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും വൻ ഭീഷണി സൃഷ്ടിക്കുന്ന കേബിൾ ലൈനുകൾ സുരക്ഷിതമായി കമ്പനി കോമ്പൗണ്ടിന് അകത്തുകൂടിയോ പെരിയാർ തീരം വഴിയോ സ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. അപകടാവസ്ഥയിൽ നിൽക്കുന്ന പോസ്റ്റുകളും വൈദ്യുതി ലൈനുകളും മാറ്റി സ്ഥാപിക്കാൻ അടിയന്തര നടപടികളും കൈക്കൊള്ളേണ്ടതുണ്ട്. പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകനായ എം.ബി. ഹംസ വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.