മൂവാറ്റുപുഴ: സമൂഹത്തിലെ വിവിധ വ്യക്തിത്വങ്ങൾക്ക് ആദരം ഒരുക്കി കേന്ദ്ര സർക്കാരിന്റെ എട്ടാം വാർഷികാഘോഷത്തോട് അനുബന്ധിച്ചുള്ള സമ്പർക്കയജ്ഞ പരിപാടി ആരംഭിച്ചു. മൂവാറ്റുപുഴയിൽ മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് സിന്ധു മനോജിന്റെ നേതൃത്വത്തിൽ നടന്ന ആദരിക്കൽ ചടങ്ങ് ബിജെപി മണ്ഡലം പ്രസിഡന്റ് അരുൺ പി.മോഹൻ ഉദ്ഘാടനം ചെയ്തു വാഹനാപകടത്തിൽ ഒരുകാൽ നഷ്ടപ്പെട്ടിട്ടും ചെറുവട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പബ്ലിക് ഹെൽത്ത് നഴ്‌സായി ജോലി നോക്കുന്ന എൻ.വി. സതി, ഇരുപത്തിയൊന്ന് വർഷമായി മൃഗാവകാശ സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന ദയ ആനിമൽ വെൽഫെയർ ഓർഗനൈസേഷന്റെ സ്ഥാപക അംഗവും മാധ്യമ പ്രവർത്തകയുമായ അമ്പിളി പുരയ്ക്കൽ, കൊവിഡ് കാലത്ത് നിസ്വാർത്ഥ സേവനം നടത്തിയ ആശ വർക്കർ യു.സി. ശ്രീജ എന്നിവരെയാണ് പൊന്നടയണിയിച്ചത്. കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾ വിശദീകരിക്കുന്ന ലഘുലേഖയും വിതരണം ചെയ്തു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ. അനീഷ് കുമാർ, സെക്രട്ടറി വിദ്യ വേണു എന്നിവർ പങ്കെടുത്തു.