eldose
എൽദോസ്

കോതമംഗലം: പക്ഷി നിരീക്ഷകനും ഗവേഷകനുമായ പുന്നേക്കാട് കൗങ്ങംപിള്ളിൽ എൽദോസിനെ (59) വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എൽദോസിനെ കാണാനില്ലെന്ന് ചൊവ്വാഴ്ച ബന്ധുക്കൾ കോതമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ രാവിലെ നാട്ടുകാർ ഭൂതത്താൻകെട്ട് ചാട്ടക്കല്ല് ഭാഗത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

ഇടക്കാലത്ത് തട്ടേക്കാട് പക്ഷി സങ്കേതത്തിനടുത്ത് എൽദോസ് റിസോർട്ട് ആരംഭിച്ചെങ്കിലും കൊവിഡിനെത്തുടർന്നുള്ള പ്രതിസന്ധിയിൽ നഷ്ടത്തിലായി. തുടർന്ന് കൃഷിയിലേക്ക് തിരിഞ്ഞെങ്കിലും ഫലമുണ്ടായില്ല. സാമ്പത്തിക ബാദ്ധ്യതയെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.

പക്ഷി നിരീക്ഷണത്തിനായി ജീവിതം സമർപ്പിച്ചിരുന്ന എൽദോസ് വിദേശീയർ അടക്കം നിരവധി ഗവേഷകരുമായി ഉറ്റസൗഹൃദം പുലർത്തിയിരുന്നു. തട്ടേക്കാട് പക്ഷി സങ്കേതത്തെക്കുറിച്ചുള്ള അഗാധമായ അറിവുകളും ആവാസവ്യവസ്ഥയെക്കുറിച്ചുള്ള പഠനങ്ങളും മാദ്ധ്യമങ്ങളുമായി ഉൾപ്പെടെ പങ്കുവച്ചിരുന്നു.

സംസ്കാരം ഇന്ന് രാവിലെ 10ന് പുന്നേക്കാട് സെന്റ് ജോർജ് ഗത്‌സിമോൻ യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: എമി തൊടുപുഴ മുളപ്പുറം മാരങ്കണ്ടം കുടുംബാംഗമാണ്. മക്കൾ: ആഷി, ഐവ. മരുമക്കൾ: ജിത്തു, അജോ.