reshma-u-raj

 നൃത്തത്തിൽ പുതിയ പരീക്ഷണങ്ങളുമായി കുച്ചിപ്പുടി നർത്തകി

കളമശേരി: ടാറ്റ വ്യവസായ സമ്രാജ്യത്തി​ന്റെ കഥ കുച്ചി​പ്പുടി​യായി​ അവതരി​പ്പി​ച്ച് നർത്തകി​ രേഷ്മ യു.രാജ്. 'ഹമാരേ ടാറ്റ' എന്ന രേഷ്മയുടെ നൂതന നൃത്താവിഷ്കാരം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധയാകർഷി​ക്കുന്നുണ്ട്.

കാക്കനാട് ഇൻഫോപാർക്കിലെ ടാറ്റ ഗ്രൂപ്പി​ലെ ടി.സി.എസ് ജീവനക്കാരിയാണ് രേഷ്മ. ടാറ്റയുടെ തന്നെ മറ്റു ജീവനക്കാരും സംരംഭത്തി​ൽ പങ്കാളി​കളാണ്.

ടാറ്റ ജീവനക്കാരനും മുംബായ് സ്വദേശിയുമായ മേഹുൽ താക്കർ ആണ് വരികളെഴുതി​യത്. കോട്ടയം ജമനീഷ് ഭാഗവതർ സംഗീതം പകർന്നു. മഞ്ജു എ. കൃഷ്ണനാണ് ആലാപനം.

കുച്ചി​പ്പുടി​​ നർത്തകി​യായ രേഷ്മ ആദ്യമായല്ല വേദി​യി​ൽ പരീക്ഷണങ്ങൾ നടത്തുന്നത്. പുലിറ്റ്സർ സമ്മാനാർഹമായ കെവൻ കാർട്ടറുടെ 'ദ വൾച്ചർ ആന്റ് ദ ലിറ്റിൽ ഗേൾ' എന്ന ലോകപ്രശസ്ത ന്യൂസ് ഫോട്ടോയെ ആധാരമാക്കി അവതരിപ്പിച്ച 'ദ വൾച്ചർ' എന്ന ഡാൻസ് ഫിലിം തികച്ചും വ്യത്യസ്തമായിരുന്നു. നിരവധി രാജ്യാന്തര മേളകളിലേക്ക് ഇത് തിരഞ്ഞെടുക്കപ്പെട്ടു.

മൂന്നാം ക്ലാസിലെ കേരള പാഠാവലിയിലെ സുഗതകുമാരി ടീച്ചറുടെ 'കണ്ണന്റെ അമ്മ' എന്ന കവിതയ്ക്ക് നൽകിയ നൃത്തഭാഷ്യം കൊച്ചു കുട്ടികൾക്കു പോലും വ്യത്യസ്ത അനുഭവമായി.

മൂന്നു വയസു മുതൽ കലാപഠനം ആരംഭിച്ച രേഷ്മ നിരവധി യുവജനോത്സവങ്ങളിലെ വിജയിയും തിരുവനന്തപുരം ജില്ലാ കലാതിലകവുമായിരുന്നു. ദേശീയ ബാലശ്രീ പുരസ്കാരം, 2016 ലെ കേന്ദ്ര സർക്കാരിന്റെ യുവപ്രതിഭാ പുരസ്കാരം എന്നിവ ലഭി​ച്ചി​ട്ടുണ്ട്.

രേഷ്മയുടെ ഈ സ്വപ്ന സാക്ഷാത്കാരങ്ങൾക്കു തണലായി കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കളമശേരി ഐ.ടി.ഐ.ജീവനക്കാരനുമായ ഭർത്താവ് ഡി.പി ദിപിനും മകൻ ഭവത്രാതും കൂടെയുണ്ട്.