വൈപ്പിൻ: എളങ്കുന്നപ്പുഴ നയാര പെട്രോൾ പമ്പിനു സമീപം തെക്കേപ്പറമ്പിൽ കാടുമൂടി കിടക്കുന്ന ബസ് പരിസരവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. ചിത്തിര ടൂറിസ്റ്റ് ബസ്സാണ് രണ്ട് വർഷമായി ഓടാതെ ഒതുക്കിയിട്ടിരിക്കുന്നത്. ബസിൽ സ്ഥിരം വാസമാക്കിയ തെരുവുനായ്ക്കൂട്ടം തൊട്ടുള്ള റോഡിലൂടെ കാൽനട യാത്ര ചെയ്യുന്നവർക്കും കുട്ടികൾക്കും സമീപ വാസികൾക്കും കടുത്ത ഭീഷണിയായി മാറുകയാണ്. മയക്കുമരുന്നു വ്യാപാരികളും സാമൂഹ്യ വിരുദ്ധരും അസമയങ്ങളിൽ ബസിന്റെ മറവിൽ ഒത്തുകൂടുന്നതും പ്രശ്നം സൃഷ്ടിക്കുന്നു. പ്രശ്നപരിഹാരത്തിന്
പൊലീസോ പഞ്ചായത്ത് അധികൃതരോ എക്‌സൈസോ ശ്രമിക്കുന്നില്ലെന്ന പരാതിയുണ്ട്. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് അധികൃതർ നടപടി സ്വീകരിക്കണമെന്ന് ജനപഥം ജനകീയ സമിതി പ്രസിഡന്റ് ടി. എം. സുകുമാരപിള്ള ആവശ്യപ്പെട്ടു.