നെടുങ്കണ്ടം: ചേമ്പളത്തിനും വട്ടപ്പാറയ്ക്കും ഇടയിൽ കണ്ടെയ്‌നർ ലോറി മറിഞ്ഞ് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. നെടുങ്കണ്ടത്തേക്ക് ടൈലുമായെത്തിയ ലോറിയാണ് ഇന്നലെ രാവിലെ എട്ടരയോടെ അപകടത്തിൽപ്പെട്ടത്. ലോറിയിൽനിന്ന് വേർപെട്ട കണ്ടെയ്‌നർ സമീപത്തുള്ള വീടിന് മുകളിലേക്ക് പതിക്കാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. ലോറിയിൽ സഹായിയായി ഉണ്ടായിരുന്ന വരാപ്പുഴ പള്ളിപ്പറമ്പിൽ ഷിനുവിനാണ് (32) പരിക്കേറ്റത്. മറിഞ്ഞ ലോറിയുടെ കാബിനിൽ കുടുങ്ങിപ്പോയ ഡ്രൈവറേയും സഹായിയേയും ലോറിയുടെ ഗ്ലാസ് തകർത്താണ് നാട്ടുകാർ പുറത്തെത്തിച്ചത്. ഡ്രൈവർക്ക് സാരമായ പരിക്കുകളില്ല. ഷിനുവിനെ പരിക്ക് ഗുരുതരമായതിനെത്തുടർന്ന് എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ചേമ്പളം സെന്റ് മേരീസ് എൽ.പി സ്‌കൂളിന് സമീപത്തെ കൊടുംവളവിലാണ് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞത്. ഗുജറാത്തിൽ നിന്നെത്തിയ കണ്ടെയ്‌നർ കൊച്ചിയിൽവെച്ചാണ് ലോറിയിൽ ഘടിപ്പിച്ചത്. 1000 ബോക്‌സ് ടൈലുകളാണ് കണ്ടെയ്‌നറിൽ ഉണ്ടായിരുന്നത്. ഇത് പൂർണമായും നശിച്ചു. ഏഴ് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി.