
കോതമംഗലം: പക്ഷിഎൽദോസ് എന്നറിയപ്പെട്ടിരുന്ന പക്ഷിനിരീക്ഷകനും ഗവേഷകനുമായ പുന്നേക്കാട് കൗങ്ങംപിള്ളിൽ എൽദോസിനെ (59) വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എൽദോസിനെ കാണാനില്ലെന്ന് ചൊവ്വാഴ്ച ബന്ധുക്കൾ കോതമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഭൂതത്താൻകെട്ട് ചാട്ടക്കല്ല് ഭാഗത്തുനിന്ന് ഇന്നലെ രാവിലെ നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.
പക്ഷിനിരീക്ഷണത്തിനായി ജീവിതം സമർപ്പിച്ചിരുന്ന എൽദോസ് വിദേശീയർ അടക്കം നിരവധി ഗവേഷകരുമായി ഉറ്റസൗഹൃദം നിലനിർത്തിയിരുന്നു. തട്ടേക്കാട് പക്ഷിസങ്കേതത്തെക്കുറിച്ചുള്ള അഗാധമായ അറിവുകളും ആവാസവ്യവസ്ഥയെക്കുറിച്ചുള്ള പഠനങ്ങളും മാദ്ധ്യമങ്ങളുമായി പങ്കുവച്ചിരുന്നു. പക്ഷിനിരീക്ഷണത്തിനായി ജീവിതത്തിലെ മുഴുവൻ സമയവും മാറ്റിവച്ചതിനുള്ള അംഗീകാരമായാണ് നാട്ടുകാർ അദ്ദേഹത്തിന്റെ പേരിനുമുന്നേ പക്ഷിയെന്നുകൂടി ചാർത്തിക്കൊടുത്തത്. ഇടക്കാലത്ത് തട്ടേക്കാട് പക്ഷിസങ്കേതത്തിനടുത്ത് എൽദോസ് റിസോർട്ട് ആരംഭിച്ചെങ്കിലും കൊവിഡിനെത്തുടർന്നുള്ള പ്രതിസന്ധിയിൽ നഷ്ടത്തിലായി. തുടർന്ന് കൃഷിയിലേക്ക് ഇറങ്ങിയെങ്കിലും അവിടെയും പിടിച്ചുനിൽക്കാനായില്ല. സാമ്പത്തിക ബാദ്ധ്യതയെത്തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. കോതമംഗലം പൊലീസ് മേൽനടപടി സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വീട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് പുന്നേക്കാട് സെന്റ് ജോർജ്ജ് ഗത്‌സിമോൻ യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: എമി തൊടുപുഴ മുളപ്പുറം മാരങ്കണ്ടം കുടുംബാംഗമാണ്. മക്കൾ: ആഷി, ഐവ. മരുമക്കൾ: ജിത്തു, അജോ.