കൊച്ചി: തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന്റേതെന്ന പേരിൽ പ്രചരിച്ച വ്യാജ അശ്ലീലവീഡിയോ വിദേശത്തുനിന്ന് അയച്ചയാളെ ചോദ്യംചെയ്തു. വീഡിയോകോൾ വഴിയാണ് സൗദി അറേബ്യയിലുള്ള അരൂക്കുറ്റി സ്വദേശിയെ തൃക്കാക്കര പൊലീസ് ചോദ്യംചെയ്തത്. വീഡിയോ അയച്ചത് ഇയാളാണെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്ക് വീഡിയോ ലഭിച്ചത് എവിടെ നിന്നാണെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. വീഡിയോ അയച്ചത് ആരുടെയെങ്കിലും നിർദ്ദേശപ്രകാരമാണോ എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്.
കേസിൽ അറസ്റ്റിലായ പ്രതികൾക്ക് വീഡിയോ അയച്ചുനൽകിയതെന്ന് ഇയാളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഒ.ഐ.സി.സി നേതാവായ നസീറിന് സൗദി അറേബ്യയിലുള്ള അരൂക്കുറ്റി സ്വദേശിയാണ് അയച്ചുകൊടുത്തതെന്നും നസീർ അയച്ചുകൊടുത്ത വീഡിയോ അബ്ദുൾ ലത്തീഫും നൗഫലും അപ്‌ലോഡ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസിൽ എട്ടുപേരെ ഇതുവരെ അറസ്റ്റുചെയ്തു.