t

തൃപ്പൂണിത്തുറ: ഒരുമിച്ചിരുന്ന് പഠിച്ചും പരീക്ഷയെഴുതി ഒന്നും രണ്ടും റാങ്കുകൾ കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ് താമരംകുളങ്ങര വൈഷ്ണവം വീട്ടിൽ അനിൽ കുമാറിന്റെയും അമ്പിളിയുടെയും ഇരട്ട കൺമണികളായ ആതിരയും അതുല്യയും. മഹാത്മാഗാന്ധി സർവകലാശാലയിലെ ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ മോഡൽ ടു ടീച്ചിംഗ് എന്ന കോഴ്സിലാണ് ഇരുവർക്കും റാങ്ക് കിട്ടിയത്. തൃപ്പൂണിത്തുറ ഗവ. കോളേജിലെ വിദ്യാർത്ഥിനികളാണ് ഇവർ. കേന്ദ്രീയ വിദ്യാലയത്തിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോൾ രണ്ടു പേർക്കും പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ വൺ ഉണ്ടായിരുന്നു. ഒരേ ക്ലാസിലായിരുന്നു ഇരുവരും ഇതു വരെ പഠിച്ചത്. പന്ത്രണ്ടിലും രണ്ട് പേർക്കും ഏകദേശം ഒരേ മാർക്കായിരുന്നു. എം.എ ഇംഗ്ലിഷ് എടുത്ത് കോളേജ് പ്രൊഫസറാകാനാണ് ഇവരുടെയും ആഗ്രഹം. തുടർന്ന് സിവിൽ സർവ്വീസും. അച്ഛൻ അനിൽകുമാർ 33 വർഷമായി ബി.എസ്.എ‌ഫ് എസ്.ഐ. റാങ്കിൽ സർവീസ് ചെയ്യുന്നു. അമ്മ അമ്പിളി ലോജിസ്റ്റിക് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.