
കൊച്ചി: സ്വപ്ന സുരേഷ് തന്റെ സുഹൃത്താണെന്നും അവരെ താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഷാജ് കിരൺ മാദ്ധ്യമങ്ങളോട് പറഞ്ഞു. സരിത്തിനെ ആരോ തട്ടിക്കൊണ്ടുപോയെന്നും സഹായിക്കണമെന്നും പറഞ്ഞ്
വിളിച്ചപ്പോഴാണ് പാലക്കാട്ടെ എച്ച്.ആർ.ഡി.എസ് ഓഫീസിൽ പോയത്. വൈകിട്ട് ആറരയോടെ മടങ്ങി. കേസുമായി മുന്നോട്ടുപോകുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയെയോ കോടിയേരി ബാലകൃഷ്ണനെയോ പരിചയമില്ല. എം. ശിവശങ്കറെ നേരിൽ കണ്ടിട്ടില്ല.
ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയുണ്ടെങ്കിൽ സ്വപ്ന പുറത്തു വിടട്ടെ. തിരുവനന്തപുരത്തെ സ്ഥലം
വിൽക്കുന്നതുമായി ബന്ധപ്പെട്ടാണ് സ്വപ്നയുടെ പരിചയപ്പെടുന്നത്. 55-60 ദിവസത്തെ വ്യക്തിബന്ധമേയുള്ളൂ.
ദിവസവും ഫോണിൽ സംസാരിച്ചിട്ടുണ്ട്. കോടതിയിൽ മൊഴി കൊടുക്കുന്നതിന് മുമ്പും ശേഷവും വിളിച്ചു. പിന്തിരിപ്പിക്കണമെങ്കിൽ അപ്പോഴൊക്കെ ആകാമായിരുന്നല്ലോ. തന്നെ സ്വപ്നയുമായി അകറ്റാനുള്ള ആരുടെയോ തന്ത്രമാണിത്. ഒൗഷധകൃഷിക്ക് എച്ച്.ആർ.ഡി.എസിന് കേന്ദ്രസർക്കാർ സബ്സിഡി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ചിട്ടുണ്ടെന്നും ഷാജ് കിരൺ പറഞ്ഞു.
(മുൻ മാദ്ധ്യമപ്രവർത്തകനാണ് ഷാജി കിരൺ എന്ന ഷാജ് കിരൺ. 2016 വരെ പ്രമുഖ ചാനലുകളിൽ റിപ്പോർട്ടറായി പ്രവർത്തിച്ചു. കൊട്ടാരക്കര സ്വദേശി. തിരുവല്ലയിൽ താമസം).