t

തൃപ്പൂണിത്തുറ: ആർ.എൽ.വി. കോളേജിൽ ബി.എ കഥകളി വേഷത്തിലും സംഗീതത്തിലും ഒന്നാം റാങ്കുമായി സഹോദരങ്ങൾ. തൃപ്പൂണിത്തുറ തെക്കുംഭാഗം അയ്യപ്പൻ തീയ്യാട്ട് കലാകാരൻ തിയ്യാടി രാമൻ നമ്പ്യാരുടെയും രത്നകുമാരിയുടെയും മകൾ ടി.ആർ. ആര്യാദേവി കഥകളി വേഷത്തിലും അനുജൻ ടി. ആർ. വാസുദേവൻ കഥകളി സംഗീതത്തിലുമാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. കുട്ടിക്കാലം മുതൽ തന്നെ തൃപ്പൂണിത്തുറയിലെ കഥകളികേന്ദ്രങ്ങളിലും ഉത്സവ പറമ്പുകളിലും കണ്ട് ആസ്വദിച്ച കഥകളി പഠിക്കണമെന്ന മോഹമാണ് മുതിർന്ന പ്രായത്തിൽ ആര്യാദേവിയേയും വാസുദേവനേയും ആർ.എൽ.വി കോളേജിൽ ബിരുദത്തിന് എത്തിച്ചത്.

കൊമേഴ്സിൽ ബിരുദാനന്തര ബിരുദവും കെ.ജി.സി.ഇ. അനിമേഷൻ കോഴ്സിൽ ഒന്നാം റാങ്കും നേടിയ ആര്യാദേവി മ്യൂറൽ ചിത്രങ്ങൾ വരയ്ക്കുന്ന കലാകാരി കൂടിയാണ്. ജേർണലിസം ഡിഗ്രി കഴിഞ്ഞ വാസുദേവൻ ദൃശ്യമാദ്ധ്യമ പ്രവർത്തനത്തിലൂടെ സിനിമാ മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. തിയ്യാട്ട് കലാകാരൻ അച്ഛന്റെ പാത പിന്തുടർന്ന് ഇരുവരും അയ്യപ്പൻ തിയ്യാട്ടിലെ ക്രിയകളും പൂർണമായി പഠിച്ചിട്ടുണ്ട്.