ആലങ്ങാട്: സുമനസുകളുടെ കനിവിൽ വെളിയത്തുനാട് സുബ്രഹ്മണ്യനും കുടുംബത്തിനും അടച്ചുറപ്പുള്ള വീടൊരുങ്ങുന്നു. കാലവർഷക്കെടുതിയിൽ നഷ്ടപ്പെട്ട വീടിന്റെ സ്ഥാനത്ത് വെളിയത്തുനാട് ചന്ദ്രശേഖര ട്രസ്റ്റിന്റെ സഹായത്തോടെയാണ് പുതിയത് പണിയുന്നത്. 2019 ലെ കാലവർഷക്കെടുതിയിലാണ് വെളിയത്തുനാട് കരോട്ടുപറമ്പിൽ സുബ്രഹ്മണ്യന്റെ പഴയ ഓടിട്ട വീട് തകർന്നുവീണത്. പിന്നീട് ടാർപ്പോളിൻ ഷീറ്റു വിരിച്ചുകെട്ടിയ കൂരയിലായിരുന്നു അസുഖബാധിതനായ സുബ്രഹ്മണ്യനും ഭാര്യയും മകളും രണ്ടു കൊച്ചുമക്കളുമടങ്ങുന്ന കുടുംബം കഴിഞ്ഞുവന്നത്. വീടുവയ്ക്കാൻ സഹായത്തിന് കരുമാല്ലൂർ പഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും യാതൊരു ആനുകൂല്യവും ലഭിച്ചില്ല. ഇവരുടെ ദുരവസ്ഥയറിഞ്ഞ സന്നദ്ധസംഘടനയായ ചന്ദ്രശേഖര ട്രസ്റ്റ് വീട് നിർമ്മിച്ചു നൽകാൻ മുന്നോട്ടുവരുകയായിരുന്നു. രണ്ടാം ഘട്ട നിർമ്മാണത്തിനാണ് ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്. ചന്ദ്രശേഖര ട്രസ്റ്റ് ചെയർമാൻ എം.കെ. സദാശിവൻ, സെക്രട്ടറി വി.എം. ഗോപി, വെളിയത്തുനാട് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.ബി. ജയരാജ്, വിശ്വ സേവാഭാരതി ജനറൽ സെക്രട്ടറി ജയചന്ദ്രൻ, ഖണ്ഡ് സംഘചാലക് ഗോപാലകൃഷ്ണൻ എന്നിവർ സന്നിഹിതരായി. ചന്ദ്രശേഖര ട്രസ്റ്റിന്റെ സഹായത്തോടെ നിർമ്മിക്കുന്ന അഞ്ചാമത്തെ വീടാണിത്.