
കിഴക്കമ്പലം: സ്കൂളിൽ വിരുന്നുകാരനായെത്തിയ നായയെ അദ്ധ്യാപകരും പി.ടി.എയും ചേർന്ന് സുരക്ഷിതകരങ്ങൾക്ക് കൈമാറി. കിഴക്കമ്പലം ഞാറള്ളൂർ ബേത്ലേഹേം സ്കൂളിലാണ് കഴിഞ്ഞ മൂന്ന് ദിവസമായി ലാബ് ക്രോസ് ഇനത്തിൽ പെട്ട ഒന്നര വയസോളം പ്രായമുള്ള നായ എത്തിയത്. നാട്ടുകാർ നായയെ ഓടിച്ചു വിടാനായി പരമാവധി ശ്രമിച്ചെങ്കിലും ഏവരുടെയും കണ്ണു വെട്ടിച്ച് നായ വീണ്ടും തിരിച്ചെത്തും. നായ എവിടെ നിന്ന് വന്നതാണെന്നോ, ഉടമയുണ്ടോ എന്നറിയാനായി രണ്ട് ദിവസം സ്കൂൾ അധികൃതർ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ പി.ടി.എ പ്രസിഡന്റ് വി.എസ്. ഷിഹാബിന്റെ നേതൃത്വത്തിൽ നായയെ കെട്ടിയിട്ടു. പിന്നീട് മൂവാറ്റുപുഴയിലുള്ള സ്വകാര്യ അനിമൽ വെൽഫെയർ സംഘടനയെ വിവരമറിയിച്ചു. അവർ വാഹനവുമായെത്തി നായെ ഏറ്റുവാങ്ങി. സ്കൂളിൽ പഠിച്ചിരുന്ന കുട്ടിയുടെ നായയാണ് ഇതെന്നും കുട്ടിയുടെ കുടുംബം വീടുമാറി പോയപ്പോൾ ഇവിടെ അലഞ്ഞ് തിരിയുന്നതാണെന്നും സംശയം ഉയർന്നിരുന്നു. എന്നാൽ സ്കൂളിൽ നിന്നും ഇതുവരെ ടി.സി വാങ്ങി ആരും മാറാത്തതിനാൽ അക്കാര്യവും സ്ഥിരീകരിക്കാനായില്ല. രണ്ട് ദിവസം കൊണ്ട് കുട്ടികളുടെ കണ്ണിലുണ്ണിയായി മാറിയ നായയെ കൊണ്ടുപോകുന്നത് അവരെ സങ്കടപ്പെടുത്തിയെങ്കിലും സ്കൂളിൽ നായയെ സംരക്ഷിക്കുന്നത് ശരിയാകില്ലെന്നതിനാൽ ഇന്നലെ രാവിലെ നായയെ കൈമാറി.