
പറവൂർ: ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് സാമ്പത്തിക ശാസ്ത്രം പഠിക്കാൻ പതിനഞ്ച് മിനിറ്റ് കഥാപ്രസംഗം കേട്ടാൽ മതിയാവും. പാഠഭാഗങ്ങൾ ലളിതമായി കഥയിലൂടെ അവതരിപ്പിക്കുകയാണ് വിദ്യാർത്ഥികൾ.
നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകൻ പ്രമോദ് മാല്യങ്കരയാണ് പാഠഭാഗങ്ങൾ കഥാ രൂപത്തിലാക്കിയത്. സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിനി മാളവിക ലൈഗോഷാണ് കാഥികൻ. പിന്നണിയിലുള്ളത് കെ.കെ. പ്രണവ്, കെ.ജി. ആദി, മീനാക്ഷി ലൈഗോഷ് എന്നീ വിദ്യാർത്ഥികളും. സിലബസിലെ പ്രധാന ഭാഗങ്ങളായ സൂഷ്മ സാമ്പത്തിക ശാസ്ത്രം, സ്ഥൂല സാമ്പത്തിക ശാസ്ത്രം, സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് ആദം സ്മിത്ത്, മാക്രോ ഇക്കണോമിക്സിന്റെ പിതാവ് ജെ.എം. കെയിൻസ്, ലോകമാന്ദ്യം, വിദേശവിനിമയ വിപണം, റിസർവ് ബാങ്കിന്റെ ധർമ്മം എന്നിവ വിവിധ കഥകളുടെ രൂപത്തിൽ കടന്നുപോകുന്നു. രസകരവും അനായാസം മനസിലാക്കാൻ സാധിക്കുന്ന തരത്തിലുമാണ് കഥാപ്രസംഗം തയാറാക്കിയിട്ടുള്ളത്. ഷൂട്ട് ചെയ്ത വീഡിയോ എഡിറ്റിംഗിന് ശേഷം അടുത്തമാസത്തോടെ വിദ്യാർത്ഥികൾക്ക് നൽകും. യൂട്യൂബിലും കാണാൻ സാധിക്കും. സാമ്പത്തിക ശാസ്ത്രപാഠങ്ങൾ ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത് തുടങ്ങിയ കലാരൂപങ്ങളിലൂടെയും പ്രമോദ് മാല്യങ്കര അവതരിപ്പിച്ചിട്ടുണ്ട്.