പറവൂർ: പറവൂർ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ ശതോത്തര സുവർണ്ണ ജൂബിലി ആഘോഷം ഇന്ന് വൈകിട്ട് മൂന്നിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി, നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി, എസ്. ശർമ്മ, പ്രൊഫ. സാവത്രി ലക്ഷ്മണൻ, കെ.പി. ധനപാലൻ, പി. രാജു, ഹണി ജി. അലക്സാണ്ടർ, രമേഷ് ഡി. കുറുപ്പ്, എൻ.എം. പിയേഴ്സൺ, എം.വി. ജോസ്, കെ.ആർ. ഗിരിജ, എ.എസ്. സിനി, ജാസ്മിൻ കരിം, പറവൂർ ജ്യോതിസ് തുടങ്ങിയവർ സംസാരിക്കും. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടക്കും.

1872 ലാണ് സ്കൂൾ സ്ഥാപിച്ചത്. ജില്ലയിലെ ആദ്യത്തെ ഹൈസ്കൂൾ എന്ന വിശേഷണവുമുണ്ട്. ആദ്യകാലത്ത് ആർ.വി ഇംഗ്ളീഷ് ഹൈസ്കൂൾ എന്നായിരുന്നു പേര്. നിരവധി റാങ്ക് ജേതാക്കളും ഒട്ടേറെ പ്രശസ്ത വ്യക്തിത്വങ്ങളും ഈ വിദ്യാലയത്തിൽ പഠിച്ചിറങ്ങിയവരാണ്. സാമൂഹ്യ പരിഷ്കർത്താവായ സഹോദരൻ അയ്യപ്പനെപ്പോലുള്ളവർ അവരുടെ വിദ്യാഭ്യാസ കാലഘട്ടത്തിൽ ഏറിയപങ്കും ചെലവഴിച്ചതും ഈ സ്കൂളിൽ തന്നെ. അഞ്ചേക്കറോളം സ്ഥലത്ത് വിശാലമായ കളിസ്ഥലവും ലാബ്, ലൈബ്രറി തുടങ്ങിയ വിപുലമായ സൗകര്യങ്ങളും സ്കൂളിലുണ്ട്.