
ആലുവ: പെരിയാറിൽ ദുരന്തമുണ്ടാകുമ്പോൾ രക്ഷാപ്രവർത്തനം നടത്താൻ ആലുവ ഫയർ ആൻഡ് റെസ്‌ക്യു വിഭാഗത്തിന് ജലരക്ഷക് പദ്ധതി പ്രകാരം ലഭിച്ച ഫൈബർ ബോട്ടുകൾ ഉപയോഗശൂന്യം. സ്രാങ്കുകളെ നിയമിക്കാത്തതാണ് രണ്ടുമാസമായി ബോട്ടുകൾ വെറുതെ കിടക്കാൻ കാരണം.
രണ്ട് ഫൈബർ ബോട്ടുകളാണ് ഓടിക്കാനാളില്ലാതെ പാലസ് കടവിൽ വെറുതെകിടന്ന് നശിക്കുന്നത്. മാർത്താണ്ഡവർമ്മ പാലത്തിൽ നിന്നും ശിവരാത്രി നടപ്പാലത്തിൽ നിന്നും വെള്ളത്തിലേക്ക് വീണ് അപകടങ്ങൾ വർദ്ധിക്കുകയാണ്. ശിവരാത്രി മണപ്പുറത്ത് ബലിതർപ്പണത്തിന് വരുന്നവരും പുഴയിൽ കുളിക്കാൻ വരുന്നവരും അപകടത്തിൽപ്പെടുന്നുണ്ട്. ഫയർഫോഴ്‌സ് എത്തിയാലും വേണ്ടത്ര സംവിധാനങ്ങൾ ഇല്ലാത്തതിനാൽ നിസ്സഹായരായി നോക്കിനിൽക്കാറാണ് പതിവ്. നേരത്തെ ആലുവ ഫയർഫോഴ്സിൽ ബോട്ടുകൾ ഓടിക്കാൻ പരിശീലനം ലഭിച്ച സ്കൂബ ടീം ഉണ്ടായിരുന്നു. എന്നാൽ സ്കൂബാ ടീം അംഗങ്ങൾ മറ്റിടങ്ങളിലേക്ക് സ്ഥലം മാറിപ്പോയി. പകരമെത്തിയവർക്ക് പരിശീലനം നൽകിയതുമില്ല.
കഴിഞ്ഞ അഞ്ചിന് പാലാരിവട്ടം സ്വദേശി ഉല്ലാസ് രണ്ടു മക്കളെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയശേഷം വെള്ളത്തിൽചാടി ആത്മഹത്യ ചെയ്തപ്പോൾ ദൃക്‌സാക്ഷികളായവർക്ക് യാതൊന്നും ചെയ്യാനായില്ല. സംഭവം അറിഞ്ഞ് ഫയർഫോഴ്സും പൊലീസും എത്തിയെങ്കിലും ഇരുകരകളിലുമായി കാഴ്ച്ചക്കാരായി നിൽക്കുകയായിരുന്നു. ഉളിയന്നൂരിൽ നിന്നെത്തിയ പഴയ മണൽ വാരൽ തൊഴിലാളികളാണ് ഉല്ലാസിനെ മുങ്ങിയെടുത്തത്. ഈ സാഹചര്യത്തിൽ ഫൈബർ ബോട്ടുകൾ 24 മണിക്കൂറും ഓടിക്കാൻ കഴിയുന്നവരെ സ്രാങ്കുമാരായി നിയമിക്കണമെന്ന ആവശ്യം ശക്തമാണ്. ആലുവയിൽ മാത്രമല്ല, സമീപ പഞ്ചായത്തുകളിലും ദുരന്തമുണ്ടായാൽ ഇവരെ ഉപയോഗിക്കാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
സ്രാങ്കിനെ നിയമിക്കണമെന്ന് എം.എൽ.എ
ആലുവ: പെരിയാറിൽ അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാൻ സ്രാങ്ക് നിയമനം നടത്തണമെന്ന് അൻവർ സാദത്ത് എം.എൽ.എ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. സ്രാങ്ക് തസ്തികയിൽ കരാർ അടിസ്ഥാനത്തിലോ അല്ലാതെയോ ഉടൻ നിയമനം നടത്തണം. അടിക്കടി ദുരന്തമുണ്ടാകുമ്പോഴും ഫയർഫോഴ്സിന് കാഴ്ച്ചക്കാരായി നിൽക്കാനേ കഴിയുന്നുള്ളു. ഈ സാഹചര്യത്തിൽ പ്രശ്നത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.