 
മൂവാറ്റുപുഴ: റോഡ് നിർമ്മാണത്തിനെത്തിയ ജെ.സി.ബിയടക്കം വനംവകുപ്പ് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ ബലമായി തിരിച്ചെടുപ്പിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ. കേസടുക്കുന്നെങ്കിൽ തനിക്കെതിരെ ആവട്ടെയെന്നും നാട്ടുകാരെ പീഡിപ്പിക്കരുതെന്നും എം.എൽ.എ പറഞ്ഞു. ഇന്നലെ ഉച്ചയോടെ ചാത്തമറ്റം ഫോറസ്റ്റ് സ്റ്റേഷനിലാണ് എം.എൽ.എ ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി കൊമ്പുകോർത്തതും വാഹനങ്ങൾ ബലമായി തിരിച്ചെടുപ്പിച്ചതും.
ചാത്തമറ്റം മുള്ളരിങ്ങാട് റോഡിന്റെ നിർമ്മാണ സാമഗ്രികളിറക്കാൻ റോഡുവക്കിലെ സ്ഥലം ജെ.സി.ബി ഉപയോഗിച്ച് നിരത്തിയതാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പ്രകോപനത്തിന് കാരണം. നിർമ്മാണ സാമഗ്രികളിറക്കാൻ മുൻകൂർ അനുമതി വാങ്ങിയില്ലെന്നതാണ് കാരണം. നിർമ്മാണം തടസപ്പെട്ടതോടെ വിഷയത്തിൽ പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ഇടപെട്ടു. കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയെങ്കിലും വാഹനങ്ങൾ വിട്ടുനൽകില്ലെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥർ. തുടർന്ന് നാട്ടുകാരും തൊഴിലുറപ്പ് തൊഴിലാളികളും ഫോറസ്റ്റ് ഓഫീസിലേക്ക് സംഘടിച്ചെത്തി ഓഫീസ് വളഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാത്യു കുഴൽനാടൻ എം.എൽ.എ നടത്തിയ ചർച്ചയിലും വാഹനം വിട്ടുനൽകില്ലന്ന നിലപാടിൽ ഉദ്യോഗസ്ഥർ ഉറച്ചുനിന്നു. എം.എൽ.എ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും നടപടി ഉണ്ടായില്ല. ഇതേത്തുടർന്ന് എം.എൽ.എ വാഹനമെടുക്കാൻ ഡ്രൈവർക്ക് നിർദ്ദേശം നൽകുകയായിരുന്നു. വനംവകുപ്പിന് നടപടി എടുക്കാനാണ് ഭാവമെങ്കിൽ തന്നെ ഒന്നാംപ്രതിയാക്കിവേണം കേസെടുക്കാനെന്നും എം.എൽ.എ പറഞ്ഞു. ഇതിന്റെപേരിൽ കരാറുകാരനേയോ നാട്ടുകാരെയോ ദ്രോഹിക്കരുതെന്നും എം.എൽ.എ പറഞ്ഞു. പൊതുവികസനത്തിനുപോലും തൊടുന്യായം പറഞ്ഞ് ജനദ്രോഹ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി മുള്ളരിങ്ങാട് - ചാത്തമറ്റം റോഡിന്റെ പണി കഴിഞ്ഞദിവസമാണ് ആരംഭിച്ചത്.