ആലുവ: ആലുവ മാർക്കറ്റ് മേൽപ്പാലത്തിന് താഴെ സമാന്തര റോഡിൽ നഗരസഭ യുടെ നിരോധന ഉത്തരവ് മറികടന്ന് വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു. നിയമം ലംഘിച്ചുള്ള പാർക്കിംഗും ഗുഡ്‌സ് ഓട്ടോകളിലുള്ള കച്ചവടവും നിരോധിച്ചിട്ടുള്ളതാണെങ്കിലും ഇത് ലംഘിച്ച് അനധികൃത പാർക്കിംഗും വരിയോര കച്ചവടവും തുടരുന്ന സാഹചര്യത്തിലാണ് പിഴ ശിക്ഷ അടക്കമുള്ള കടുത്ത നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചത്.
നഗരസഭ ഉത്തരവ് ലംഘിച്ച് സമാന്തര റോഡിൽ ലോറികൾ പാർക്കുന്നത് ചൂണ്ടികാട്ടി കഴിഞ്ഞ ജൂൺ നാലിന് 'കേരളകൗമുദി'യിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്നാണ് നഗരസഭ ചെയർമാൻ എം.ഒ. ജോൺ മുൻകൈയ്യെടുത്ത് ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി വിളിച്ചുചേർത്തത്. മേൽപ്പാലത്തിന് അടിയിൽ ടൂ വീലർ, ത്രീ വീലർ, കാർ വാഹനങ്ങൾക്ക് നഗരസഭ നാഷണൽ ഹൈവേ അനുമതിയോടെ പേ ആൻഡ് പാർക്ക് അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെയുള്ള അനധികൃത പാർക്കിംഗിനെതിരെ പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവ നിയമനടപടികൾ സ്വീകരിക്കുമെന്ന് ചെയർമാൻ അറിയിച്ചു. യോഗത്തിന് ശേഷം ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അംഗങ്ങൾ അനധികൃത പാർക്കിംഗും വഴിയോര കച്ചവടവും നടക്കുന്ന പ്രദേശങ്ങൾ സന്ദർശിച്ചു.
ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു. ആലുവ ജോയിന്റ് ആർ.ടി.ഒ. സലിം വിജയകുമാർ, വൈസ് ചെയർപേഴ്‌സൺ സൈജി ജോളി, ട്രാഫിക് എസ്.ഐ. ജിജിൻ ജി. ചാക്കോ, മുനിസിപ്പൽ സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി, ഡെപ്യൂട്ടി തഹസിൽദാർ വി.വി. ഡേവിസ്, പൊതുമരാമത്ത് വകുപ്പ് അസി.എഞ്ചിനീയർ ട്രീസ തുടങ്ങിയവർ സംബന്ധിച്ചു.