ആലുവ: ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞെത്തി സ്വർണവ്യാപാരിയുടെ വീട്ടിൽനിന്ന് സ്വർണവും പണവും കബളിപ്പിച്ചെടുത്ത കേസിൽ പ്രതികൾ പൊലീസ് വലയിലായതായി സൂചന. ഇന്നോ നാളെയും പ്രതികളുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് കരുതുന്നത്. പ്രതികൾ അന്യസംസ്ഥാനക്കാരാണെന്നും സൂചനയുണ്ട്.
ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെയും ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടിയുടെയും മേൽനോട്ടത്തിലാണ് അന്വേഷണം. ആലുവ സി.ഐ എൽ. അനിൽകുമാർ ഉൾപ്പെടെയുള്ളവർ പ്രതികൾക്കായി തെരച്ചിലിലാണ്.
ആലുവ ബാങ്ക് കവലയിൽ താമസിക്കുന്ന സജ്ജയെയും കുടുംബത്തെയും ജൂൺ അഞ്ചിന് രാവിലെയാണ് നാലംഗസംഘം കബളിപ്പിച്ചത്. ആദായനികുതി ഉദ്യോഗസ്ഥരുടെതെന്ന് തോന്നിപ്പിക്കുന്ന വ്യാജ ഐഡന്റിറ്റി കാർഡ് കാണിച്ചാണ് സജ്ജയുടെ വീട് റെയ്ഡ് ചെയ്തത്. 394 ഗ്രാം സ്വർണവും 1.80 ലക്ഷം രൂപയുമാണ് കവർന്നത്. സി.സി ടിവി കാമറയുടെ ഡി.വി.ആറും സംഘം കൈക്കലാക്കി.
തട്ടിപ്പുസംഘം എത്തിയത് പൊതുഗതാഗതത്തെ ആശ്രയിച്ചാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാൽ വിശദമായ പരിശോധനയിൽ തട്ടിപ്പുസംഘമെത്തിയത് കാറിലാണെന്ന് വ്യക്തമായി. സി.സി. ടിവി ദൃശ്യത്തിൽനിന്ന് ലഭിച്ച രജിസ്‌ട്രേഷൻനമ്പറനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. പ്രതികളുടെ ദൃശ്യങ്ങളും പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു.
25 വർഷമായി സ്വർണാഭരണ കച്ചവടം ചെയ്യുകയും ആഭരണങ്ങൾ നിർമിച്ചു നൽകുന്ന സ്ഥാപനം നടത്തിവരികയായിരുന്നു മുംബയ് സ്വദേശിയായ സജ്ജയ്. സ്വർണവുമായി തട്ടിപ്പുസംഘം കടന്നശേഷമാണ് കമ്പളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്