കൊച്ചി: കളമശേരി നഗരസഭയിലെ എസ്.സി ഷോപ്പിംഗ് കോംപ്ള‌ക്‌സിലെ കടമുറികൾ പട്ടികജാതി വിഭാഗത്തിലുള്ളവർക്കു മാത്രമേ നൽകാവൂവെന്ന സർക്കാരിന്റെ സർക്കുലർ പാലിച്ചു അലോട്ട് ചെയ്യണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സൗത്ത് കളമശേരിയിലെ ഷോപ്പിംഗ് കോംപ്ളക്‌സിലെ കടമുറികൾ അനർഹരായ വ്യക്തികൾക്ക് അലോട്ടു ചെയ്യുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് കളമശേരി സ്വദേശി ജി. ഗിരീഷ് ബാബു നൽകിയ ഹർജിയിൽ ജസ്റ്റിസ് അനു ശിവരാമനാണ് ഈ ഉത്തരവു നൽകിയത്.

പട്ടികജാതി വിഭാഗത്തിലെ അഭ്യസ്തവിദ്യരും തൊഴിൽ രഹിതരുമായ യുവജനങ്ങളുടെ തൊഴിൽ സംരംഭങ്ങൾക്ക് അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് നഗരസഭ ഷോപ്പിംഗ് കോംപ്ള‌ക്‌സ് നിർമ്മിച്ചത്. 12-ാം പഞ്ചവത്സര പദ്ധതിയിലെ ആറു കോടി രൂപ ചെലവിട്ടു നിർമ്മിച്ച ഷോപ്പിംഗ് കോംപ്ള്ക്സിലെ മൂന്നാം നില മജിസ്ട്രേട്ട് കോടതിക്ക് വിട്ടു നൽകി. താഴെ രണ്ടു നിലകളിലായി 40 കടമുറികളാണുള്ളത്. ഇവയ്ക്കുവേണ്ടി അപേക്ഷ നൽകിയ വ്യക്തികളിൽ 29 പേർ യോഗ്യതയുള്ളവരാണെന്ന് കണ്ടെത്തിയെന്നും പത്തു പേർ അയോഗ്യരാണെന്ന് വിലയിരുത്തിയതിനാൽ ഈ മുറികൾക്ക് വീണ്ടും അലോട്ട് ചെയ്യേണ്ടതുണ്ടെന്നും നഗരസഭ വിശദീകരിച്ചു. തുടർന്നാണ് സർക്കാരിന്റെ സർക്കുലർ പാലിച്ചു കടമുറികൾ വിതരണം ചെയ്യാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.